മത്തായിയുടെ റീ പോസ്റ്റുമോർട്ടം: ഇൻക്വസ്റ്റിൽ ഉണ്ടായിരുന്നതിനേക്കാൾ പരുക്ക് ; നിർണായകം

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹത്തിൽ കൂടുതൽ പരുക്കുകൾ കണ്ടെത്തി. സി ബി ഐ നടത്തിയ ഇൻക്വസ്റ്റിലാണ് പൊലീസ് ഇൻക്വസ്റ്റിൽ ഉണ്ടായിരുന്നതിനേക്കാൾ 7 ൽ അധികം പരുക്കുകൾ കണ്ടെത്തിയത്. ഇതോടെ മത്തായിയുടെ രണ്ടാം പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും 

രാവിലെ പത്തനംതിട്ടയിൽ എത്തിയ സിബിഐ ഉദ്യോഗസ്ഥർ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റെടുത്തു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പത്തരയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഉച്ചവരെ നീണ്ട പരിശോധനയിൽ നിർണായകമായേക്കാവുന്നതും പൊലീസ് ഇൻക്വസ്റ്റിൽ ഇല്ലാതിരുന്നതുമായ പരുക്കുകൾ സിബിഐ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരക്കാരംഭിച്ച പോസ്റ്റ് മോർട്ടം അഞ്ചേകാൽ വരെ നീണ്ടു. 

സി ബി ഐ നിർദേശിച്ച മൂന്നംഗ ഡോക്ടർമാരാണ് സിബിഐ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പോസ്റ്റ് മോർട്ടം നടത്തിയത്.തുടർന്ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നാളെ ഉച്ചയ്ക്ക് ശേഷം കുടപ്പന സെൻ്റ് മേരീസ് ഓർത്തഡോക്സ് പളളിയിൽ സംസ്കരിക്കും . രാത്രിയോടെ അന്വേഷണ സംഘം മത്തായിയുടെ മൃതദേഹം കണ്ട കുടപ്പനയിലെ കുടുംബ വീടിന് സമീപമുള്ള കിണറ്റിൽ പരിശോധന നടത്തി. ഡോക്ടർമാരും അന്വേഷണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ജൂലൈ 28 ന് മരിച്ച മത്തായിയെ നാൽപതാം ദിവസമാണ് സംസ്കരിക്കുന്നത്.