താനൂര്‍ കസ്റ്റഡി മരണം; താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മെത്താംഫെറ്റമിന്‍

മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ ലഹരിപദാര്‍ഥമായ മെത്താംഫെറ്റമിന്‍ കലര്‍ന്നിരുന്നതായി രാസപരിശോധന ഫലം. എങ്കിലും ശരീരത്തില്‍ കലര്‍ന്ന ലഹരി പദാര്‍ഥത്തിന്‍റെ അളവ് വ്യക്തമാകാന്‍ ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ട്.

താമിറിന്‍റെ ആമാശയത്തില്‍ കണ്ടെത്തിയ രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ ഒന്ന് പൊട്ടിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആമാശയ സ്രവങ്ങളില്‍ കലര്‍ന്നത് സിപ് ലോക്ക് പാക്കറ്റിലുണ്ടായിരുന്ന തവിട്ടു നിറത്തിലുളള വസ്തു ആമാശയത്തിനുളളില്‍ വ്യാപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സാംപിള്‍ ശേഖരിച്ച് കോഴിക്കോട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ മെത്താംഫെറ്റമിന്‍ കലര്‍ന്നതായി കണ്ടെത്തിയത്. ഏതാണ്ട് നാലര ഗ്രാം തൂക്കമുളള പാക്കറ്റാണ് ആമാശയത്തില്‍ കണ്ടെത്തിയത് എന്നാണ് വിവരം. കൂടുതല്‍ അളവില്‍ മെത്താംഫെറ്റമിന്‍ ശരീരത്തിലെത്തുന്നത് അപകടകരമാണ്. പത്തോളജി റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമെ ആമാശയത്തേയും ശ്വാസകോശത്തേയും ഹൃദയത്തേയും ലഹരി എത്ര മാത്രം ബാധിച്ചിരുന്നുവെന്ന കാര്യത്തില്‍ വ്യക്തത വരൂ. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കേസില്‍‌ നിര്‍ണായകമാവും.  

Enter AMP Embedded Script