മുഖ്യപ്രതികള്‍ നാടുവിട്ടു; കാട്ടാനക്കേസില്‍ അന്വേഷണം നിലച്ചു

മുഖ്യപ്രതികള്‍ നാടുവിട്ടെന്ന നിഗമനത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട്ടെ കാട്ടാനക്കേസില്‍ അന്വേഷണം നിലച്ചു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതല്ലാതെ മൂന്നുമാസമായി രണ്ടുപ്രതികളെയും പിടികൂടാന്‍ കഴിഞ്ഞില്ല.

പന്നിപ്പടക്കം കാട്ടാനയുടെ ജീവന്‍ അപകടത്തിലാക്കിയ കേസില്‍ പടക്കമുണ്ടാക്കിയ തോട്ടം തൊഴിലാളിെയ അറസ്റ്റ് ചെയ്തെങ്കിലും തോട്ടം ഉടമകളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അമ്പലപ്പാറ സ്വദേശിയും തോട്ടംഉടമയുമായ ഒന്നാംപ്രതി അബ്ദുല്‍ കരീം, ഇദ്ദേഹത്തിന്റെ മകന്‍ രണ്ടാംപ്രതി റിയാസുദ്ദീന്‍ – ഇവര്‍ ഒളിവിലായിട്ട് മൂന്നുമാസം പിന്നിടുന്നു. പ്രതികളെ പിടികൂടാനും അന്വേഷണം വേഗത്തിലാക്കാനുമാണ് വനംവകുപ്പിനൊപ്പം പൊലീസും േചര്‍ന്നത്. 

പ്രതികള്‍ കേരളംവിട്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആനപ്രേമി സംഘത്തിന്റെ ആരോപണം.

മേയ് 27 നാണ് വെള്ളിയാര്‍ പുഴയില്‍ വച്ച് കാട്ടാന ചരിഞ്ഞത്. കൈതച്ചക്കയില്‍ സ്പോടകവസ്തുവച്ച് നല്‍കി ഗര്‍ഭിണിയായ കാട്ടാനയെ കൊന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ പ്രചരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും.