ആശുപത്രിയിൽ കാട്ടാനകളുടെ മിന്നൽ പരിശോധന; ഭയന്ന് കാഴ്ച്ചക്കാർ; വി‍ഡിയോ

വനപ്രദേശങ്ങളോട് ചേർന്നുള്ള ജനവാസ മേഖലകളിൽ ആനകൾ കയറുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം സ്ഥിരമായി വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചയാണ് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നും പുറത്തുവരുന്നത്. കാട്ടാനകൾ ഒരു ആശുപത്രി വാർഡിനുള്ളിൽ കടന്ന് ഇടനാഴിയിലൂടെ സ്വതന്ത്ര വിഹാരം നടത്തുന്നതിന്റെ വിഡിയോയാണിത്. സൈനിക കന്റോൺമെന്റിനുള്ളിലെ ആശുപത്രി വാർഡിലാണ് മൂന്ന് കാട്ടാനകളെത്തിയത്. ഇടനാഴിയിലൂടെ യാതൊരു ഭയവുമില്ലാതെ ആനകൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലുണ്ടായിരുന്നവർ മൊബൈലിൽ പകർത്തുകയായിരുന്നു. കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്ക് ആനകൾ കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം.

എന്നാൽ ആശുപത്രിയിലെ വസ്തുക്കൾക്ക് ആനകൾ പ്രവേശിച്ചതു മൂലം കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അവിടെയുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളില്ല. വളരെ അകലത്തിൽ നിന്നാണ് ആളുകൾ വിഡിയോ പകർത്തിയിരിക്കുന്നത്. എന്തായാലും വ്യത്യസ്തമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇന്ത്യൻ ഫോസ്റ്ററ്റ് സർവീസ് ഓഫിസറായ സുശാന്ത നന്ദ അടക്കമുള്ളവർ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോയിക്ക് ഏറെ രസകരമായ പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

അസുഖം വന്നത് മൂലം ഡോക്ടറെ കാണാനാവാം ആനകൾ എത്തിയതെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ആശുപത്രിയിൽ എല്ലാം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാനുള്ള മിന്നൽ പരിശോധനയാണിതെന്നും കമന്റുകളുണ്ട്. ഉൾപ്രദേശങ്ങളിൽ നിന്ന് വരെ രോഗികൾ തേടിയെത്തുന്ന ആശുപത്രി എന്ന തരത്തിലാണ് മറ്റു ചിലരുടെ പ്രതികരണം. അതേസമയം സംഭവം ഗൗരവമായി എടുത്ത് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. വനനശീകരണത്തിന്റെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്നതിന്റെയും പരിണിതഫലമാണ് ഇതെന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറവല്ല.