2 വര്‍ഷത്തിനിടെ കടത്തിയത് കോടികളുടെ ചന്ദന മരങ്ങൾ; പ്രതികളും തൊണ്ടിമുതലും ഇല്ല

ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട്  വെടിവെപ്പും കൊലപാതകവും നടന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും മറയൂരില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ മോഷണം പോയി. കോവില്‍ക്കടവ് പാമ്പാറിന് സമീപം സ്വകാര്യ ഭൂമിയില്‍ നിന്നാണ്  ഏഴ് ചന്ദനമരങ്ങള്‍ കടത്തിയത്.

അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചന്ദന മാഫിയ മുറിച്ച് കടത്തിയത് കോടികള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ്.  വ്യാപകമായി സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദന മരങ്ങള്‍  മോഷണം പോകുന്നുണ്ടെങ്കിലും പ്രതികളേയൊ തൊണ്ടി മുതലൊ കണ്ടെത്താന്‍ കഴിയുന്നില്ല.

കോവില്‍ക്കടവ് പാമ്പാറിന് സമീപം സ്വകാര്യ ഭൂമിയില്‍ നിന്നാണ്  ഏഴ് ചന്ദനമരങ്ങള്‍ മോഷണം പോയത്. ഏഴ് മരങ്ങളുടെയും കാതലുള്ള ഭാഗം പൂര്‍ണമായും കടത്തി. അമ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ചന്ദനം  മോഷണം പോയിരിക്കാമെന്നാണ് കരുതുന്നത്.

സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനമരം മോഷണം പോയാല്‍ അന്വേഷണ ചുമതല വനം വകുപ്പിനല്ല, പൊലീസിനാണ്.  എന്നാല്‍ മറയൂര്‍ പൊലീസ് സ്റ്റേഷനിലെ അംഗസംഖ്യ വളരെ കുറവായതിനാല്‍  ചന്ദനമോഷനകേസുകളുടെ അന്വേഷണം ഇഴയുകയാണ്. ഈ സാഹചര്യം മുതലാക്കിയാണ് മോഷ്ടാക്കള്‍ സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദന കൊള്ള വ്യാപകമാക്കുന്നത്. പൊലീസും വനംവകുപ്പും സംയുക്തമായി നീക്കങ്ങള്‍ നടത്തിയാല്‍ മാത്രമേ ചന്ദനമോഷണം തടയാന്‍ കഴിയുകയുള്ളു. അതേസമയം ഈ ചന്ദനമരങ്ങള്‍ രണ്ട് മാസം മുമ്പെങ്കിലും  കടത്തിയതാകാമെന്ന് മറയൂര്‍ റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു.