കബറിസ്ഥാനിലുള്ള ചന്ദനമരം വെട്ടി കടത്താൻ ശ്രമം; മൂന്ന് പേര്‍ പിടിയിൽ

കോഴിക്കോട് എലത്തൂരില്‍ അനധികൃതമായി ചന്ദനം മുറിച്ച മൂന്ന് പേര്‍ പിടിയില്‍. എലത്തൂര്‍ ജുമാ മസ്ജിദ് പരിസരത്തുള്ള ചന്ദനമരമാണ് വെട്ടിയത്. രാവിലെ മുറിച്ച ചന്ദനവുമായി കാറില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 

രാവിലെ എട്ട് മണിയോടെയാണ് എലത്തൂര്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ജുമാ മസ്ജിദിന്റെ കബറിസ്ഥാനിലുള്ള ചന്ദനം പ്രതികള്‍ മുറിച്ചത്. കണ്ണാടിപൊയില്‍ സ്വദേശി മുസ്തഫ, ഉണ്ണികുളം സ്വദേശി അബ്ദുള്‍ നാസര്‍, എലത്തൂര്‍ സ്വദേശി മുഹമ്മദ് നിസാര്‍ എന്നിവരാണ് പ്രതികള്‍. മുറിച്ച ചന്ദനവുമായി കാറില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ തടഞ്ഞത്. പിന്നാലെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. 

പിടിച്ചെടുത്ത ചന്ദനം 25 കിലോയോളം വരുമെന്ന് വനംവകുപ്പ് അറിയിച്ചു. സ്വകാര്യ ഭൂമിയിലുള്ള ചന്ദനമാണെങ്കിലും നിയമലംഘനമാണെന്നും കര്‍ശനനനടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.