ചന്ദന മോഷണം പതിവ്: പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘമെന്ന് സൂചന

ഇടുക്കി മറയൂരിന് പിന്നാലെ നെടുങ്കണ്ടം മേഖലയിലും സ്വകാര്യഭൂമിയിലെ ചന്ദന മരങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. മൂന്ന് വർഷത്തിനിടെ മേഖലയിൽ നിന്നും മുറിച്ചുകടത്തിയത് നൂറോളം ചന്ദന മരങ്ങളാണ്. ഇതിനുപിന്നിൽ  തമിഴ്നാട്ടിൽ നിന്നുള്ള സംഘമെന്നാണ് വിവരം.  

ഒരിടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് വീണ്ടും ചന്ദനമോഷണം നടന്നത്. നെടുങ്കണ്ടം  മുണ്ടിയെരുമ ദേവഗിരി  തോമസ് കുര്യാക്കോസിന്റെ പുരയിടത്തില്‍ നിന്നുമാണ് കാൽ ലക്ഷം രൂപ വിലവരുന്ന ചന്ദന മരം മുറിച്ചു കടത്തിയത്.വീടിന് സമീപത്തെ തോടിന് അടുത്തു നിന്ന 24 ഇഞ്ച് വണ്ണമുള്ള മരമാണ് വെള്ളിയാള്ച രാത്രിയില്‍ മുറിച്ച് കടത്തിയത്. വാള്‍ ഉപയോഗിച്ച് മരം മുറിച്ച് ചുവട് ഭാഗം കൊണ്ടുപോകുകയും നടുഭാഗത്തെ ഒരു കഷണവും ശിഖരങ്ങള്‍ അടങ്ങിയ ഭാഗവും ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു.സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന ചന്ദനമരത്തിൻ്റെ അവകാശി സർക്കാരാണങ്കിലും വനംവകുപ്പിന്  സംരക്ഷണ ചുമതലയില്ല. മുറിച്ചു കടത്തിയാൽ പോലും കേസെടുക്കുവാൻ മാത്രമെ ഡിപ്പാർട്ടുമെൻ്റിനാകു. ഇതുകൊണ്ടാണ്  ഹൈറേഞ്ചിലെ  സ്വകാര്യ ഭൂമിയിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങളുള്ള നെടുങ്കണ്ടം മേഖലയിലേക്ക് ചന്ദന മോഷ്ടാക്കളെ ആകർഷിക്കുന്നത്.ഇതിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണന്നാണ് വിവരം.

കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിനുള്ളിൽ നിന്നും 2 വലിയ ചന്ദന മരങ്ങൾ മുറിച്ചുനീക്കുന്നതിനിടെ ആറ് തമിഴ്നാട് സ്വദേശികൾ പിടിയിലായിരുന്നു.  നെടുങ്കണ്ടം,എഴുകുംവയല്‍,വലിയതോവാള,തൂക്കുപാലം,രാമക്കല്‍മേട്,ചോറ്റുപാറ,മേഖലകളില്‍ നിന്നും നൂറോളം ചന്ദന മരങ്ങളാണ്  മൂന്ന് വര്‍ഷത്തിനിടയില്‍ മുറിച്ചു കടത്തിയത്.