പുരയിടത്തില്‍ ഒരു കോടി രൂപ വിപണിമൂല്യമുള്ള ചന്ദനമരം; ഉറക്കം നഷ്ടപ്പെട്ട് കുടുംബം

മറയൂർ (ഇടുക്കി): ഒരു കോടി രൂപ വിപണിമൂല്യമുള്ള മരം മുറ്റത്തുണ്ടാവുമ്പോൾ എങ്ങനെ ഉറങ്ങാൻ കഴിയും? മറയൂർ കുണ്ടക്കാട് സ്വദേശി പേരൂർ വീട്ടിൽ സോമൻ ഈ വിഷമം അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

വീടിന്റെ പരിസരത്തെ മറ്റു ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചു കടത്തിയതോടെ അവശേഷിക്കുന്ന ഈ ചന്ദന മരം വനംവകുപ്പ് ഏറ്റെടുക്കണമെന്നാണു സോമന്റെ ആവശ്യം. മുൻപും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അപേക്ഷ നൽകിയെങ്കിലും മോഷ്ടാക്കൾ മുറിച്ചുകടത്തിയ ചന്ദന മരത്തിന്റെ കുറ്റികൾ മാന്തിയെടുക്കാനുള്ള നടപടി മാത്രമാണു വനംവകുപ്പ് സ്വീകരിച്ചത്. എൽഎ പട്ടയമുള്ള ഭൂമിയായതിനാൽ ഈ ചന്ദനമരം മുറിക്കാനായി ഡിഎഫ്ഒ ബി. രഞ്ജിത്ത് ദേവികുളം സബ് കലക്ടർക്കും തഹസിൽദാർക്കും കത്തു നൽകിയിട്ടുണ്ട്.

2008 ൽ ചന്ദനം മോഷ്ടിക്കാൻ എത്തിയ സംഘം സോമനെ മുറിയിൽ കെട്ടിയിട്ടശേഷം മരം മുറിച്ചുകൊണ്ടുപോയി. ശേഷിക്കുന്ന ചന്ദനമരത്തിന് 80 ഇഞ്ച് വലുപ്പമുണ്ട്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ എൽഎ പട്ടയങ്ങളിൽ വളരുന്ന ചന്ദനം തുടങ്ങിയ മരങ്ങൾ മുറിക്കാൻ ഭൂവുടമയ്ക്ക് അവകാശമില്ല.