ആന്ധ്രയിലേക്ക് ലോറിയുടെ രഹസ്യ അറയിൽ ചന്ദനക്കടത്ത്; പ്രതികൾ പിടിയിൽ

ലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മഞ്ചേരിയിൽ നിന്ന് ആന്ധ്രയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയിരത്തി ഒരുന്നൂറ് കിലോ ചന്ദനം പാലക്കാട് പിടികൂടി. ഒറ്റപ്പാലം സ്വദേശി അബ്ദുൾ സലാം മലപ്പുറം സ്വദേശി മുഹമ്മദ് അനസ് എന്നിവർ അറസ്‌റ്റിലായി. മഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇരുവരും നേരത്തെയും ചന്ദനം കടത്തിയിരുന്നതായി വനം വകുപ്പ് അറിയിച്ചു. 

ചരക്ക് കയറ്റാൻ ആന്ധ്രയിലേക്ക് പോകുന്ന തമിഴ്നാട് നമ്പരിലെ കാലിവണ്ടി. ഡ്രൈവറും സഹായിയും മാത്രം വാഹനത്തിൽ. വഴിയിലെല്ലാം അങ്ങനെ വിശ്വസിപ്പിച്ചായിരുന്നു അബ്ദുൾ സലാമിന്റെയും മുഹമ്മദ് അനസിന്റെയും യാത്ര. എന്നാൽ ഇത്തവണത്തെ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ വഴിയിൽ ചോർന്നു. മഞ്ചേരിയിൽ നിന്ന് ആഡ്രയിലേക്കുള്ള യാത്രയ്ക്കിടെ ഒലവക്കോടിന് സമീപം പിടിവീണു. ലോറിയിൽ ഒന്നുമില്ലെന്ന് ഇരുവരും വാദിച്ചെങ്കിലും പരിശോധനയിൽ രഹസ്യ അറ കണ്ടെത്തി. അൻപത്തി മൂന്ന് ചാക്കുകളിലാക്കി ഒളിപ്പിച്ചിരുന്ന ആയിരത്തി ഒരുന്നൂറ് കിലോ ചന്ദനം. വന്ന വഴിയും കൊണ്ടുപോകേണ്ട ഇടവുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരുവരും വ്യക്തമാക്കി. നേരത്തെയും ചന്ദനം അതിർത്തി കടത്തിയിട്ടുണ്ട്. 

മഞ്ചേരി സ്വദേശി കുട്ടിമാനാണ് ചന്ദനം കൊടുത്തുവിട്ടതെന്ന് വ്യക്തമായി. കൂടുതലാളുകളുടെ പങ്കും തെളിഞ്ഞു. ഇവർക്കായി മലപ്പുറം വനം വകുപ്പിന്റെ സഹായത്തോടെ അന്വേഷണം വിപുലമാക്കി.