കാസർകോട് 15 കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

കാസർകോട് 15 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. വീടിനടുത്ത് ജോലിക്ക് വന്ന യുവാവാണ് പ്രതിയെന്നാണ് സൂചന. കാസര്‍കോട് ടൗണ്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

രണ്ടുതവണയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 2019 സെപ്റ്റംബറിലും 2020 ഫെബ്രുവരിയിലുമായാണ് പീഡനം നടന്നത്. വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവാണ് പെണ്‍കുട്ടിയെ സൗഹൃദം നടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

പോക്സോ വകുപ്പ് പ്രകാരമാണ് കാസർകോട് ടൗൺ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഈ മാസം 21-നാണ് കേസ് റജിസ്റ്റർ ചെയ്തത്. രണ്ട് കേസിലുമായി രണ്ട് എഫ്.ഐ.ആര്‍. ഇട്ടാണ് പൊലീസ് അന്വേഷണം. കുട്ടിയുടെ അമ്മ ചൈല്‍‍ഡ് ലൈന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസെടുക്കുന്നതും.