മേൽപാലം തകർന്ന് അപകടം; കരാർ കമ്പനിക്കെതിരെ കേസ്

കാസർകോട് പെരിയയിൽ ദേശിയ പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മേൽപ്പാലം തകർന്നു വീണു. പെരിയ ടൗണിൽ നിർമിക്കുന്ന മേൽപ്പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടയിലാണ് തകർന്ന് വീണത്.അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. അതേസമയം കരാർ കമ്പനിയായ മേഘാ കൺസ്ട്രക്ഷൻസിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. 

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ്    മേൽപ്പാലം തകർന്ന് വീണത്. കോൺക്രീറ്റിനെ താങ്ങി നിർത്തുന്ന സ്കഫോൾഡിങ്ങിനുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശിയ പാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. വിഷയം ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

അതേസമയം കരാർ കമ്പനിയായ മേഘാ കൺസ്ട്രക്ഷൻ നടത്തുന്ന എല്ലാ നിർമാണങ്ങളും നിർത്തിവെച്ച് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ചു. കൂടാതെ ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർക്കമ്പനിയായ മേഘാ കൺസ്ട്രക്ഷൻസിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ബേക്കൽ പൊലീസിന്റെതാണ് നടപടി.

police registered case on NH overbridge collapse