‘അടുത്ത വർഷം മുതൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍’

അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് ഗഡ്കരി പറയുന്നത്. കഴിഞ്ഞ ജൂണിലും നിതിൻ ഗഡ്കരി സമാന പ്രസ്താവന നടത്തിയിരുന്നു. 

വൈദ്യുത കാറുകളുടെ മാത്രമല്ല, ബാറ്ററിയിൽ ഓടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പെട്രോൾ എൻജിനിൽ വാഹനങ്ങൾ ലഭിക്കുന്ന അതേ വിലനിലവാരത്തിൽ ഇലക്ട്രിക് വാഹനങ്ങളും വിൽപനയ്ക്കെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറക്കുമതിക്കു പകരം, പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണ വിമുക്തവുമായ പ്രാദേശിക നിർമാണമാണ് കേന്ദ്ര സർക്കാർ നയമെന്നും അദ്ദേഹം വിശദീകരിച്ചു. 

പെട്രോൾ, ഡീസൽ വിലകൾ രാജ്യത്തു രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യം തന്നെ ഇതിന് ഉദാഹരണമാണെന്നും ഗഡ്‌കരി ചൂണ്ടിക്കാട്ടി. പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം ഹരിത ഹൈഡ്രജൻ, വൈദ്യുതി, എതനോൾ, മെതനോൾ, ജൈവ ഡീസൽ, സിഎൻജി തുടങ്ങിയ ബദൽ മാർഗങ്ങൾ തേടുകയാണു പരിഹാരമെന്നും സർക്കാർ ആ വഴിക്കാണു നീങ്ങുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

Nitin Gadkari: Electric Vehicles will become as affordable as petrol vehicles by next year