വഴിത്തിരിവായത് രഹസ്യസന്ദേശം; പിടികൂടിയത് നൂറ്റിനാല്‍പതു കിലോ കഞ്ചാവ്

ആന്ധ്രയില്‍ നിന്ന് മീന്‍വണ്ടിയില്‍ കടത്തിയ നൂറ്റിനാല്‍പതു കിലോ കഞ്ചാവ് ചാലക്കുടി ദേശീയപാതയില്‍ പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.  

തൃശൂര്‍ റൂറല്‍ എസ്.പി.: ആര്‍.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാലക്കുടിയില്‍ വന്‍കഞ്ചാവു വേട്ട നടത്തിയത്. മീന്‍ വണ്ടികളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. കഞ്ചാവ് വരുന്ന മീന്‍ വണ്ടിയെക്കുറിച്ച് റൂറല്‍ എസ്.പിയ്ക്കു കിട്ടിയ രഹസ്യസന്ദേശമാണ് വഴിത്തിരിവായത്. ചാലക്കുടി ദേശീയപാതയില്‍ വണ്ടി എത്തിയ ഉടനെ നാടകീയമായി പിടികൂടുകയായിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശി അരുണ്‍കുമാറിനെ കയ്യോടെ പിടികൂടി. വണ്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശി മുനീര്‍ ഓടിരക്ഷപ്പെട്ടു. പറവൂര്‍ സ്വദേശി ഷെഫീഖിന്റേതാണ് മീന്‍ വണ്ടിയെന്ന് പൊലീസ് പറഞ്ഞു.

ലോക്ഡൗണിന്‍റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നുണ്ട്. ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ വരവ്. വണ്ടികളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തുന്നത്. തൃശൂരിലെ ക്രിമിനല്‍സംഘങ്ങളും കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു.