ഇന്ത്യയില്‍ ഐഎസിന്റെ ഘടകം രൂപീകരിച്ച കേസ്; എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

തമിഴ്നാട് കേന്ദ്രീകരിച്ചു ഇന്ത്യയില്‍ ഐഎസിന്റെ ഘടകം രൂപീകരിച്ച  കേസില്‍ എന്‍.ഐ.എ  കുറ്റപത്രം സമര്‍പ്പിച്ചു. ചെന്നൈയിലെ എന്‍.ഐ.എ കോടതിയിലാണ് 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. നാടന്‍ ബോംബുകളും  വെടിമരുന്നും ഒളിവില്‍പോകുന്നതിന് ആവശ്യമായ സാധനങ്ങളും ശേഖരിക്കുകുയം ചെയ്തതായി കുറ്റപത്രത്തിലുണ്ട്.

വ്യാജ തിരിച്ചറിയില്‍ രേഖകള്‍ നല്‍കി ഒരു സംഘം  വന്‍തോതില്‍ കണക്ഷന്‍ എടുത്തുവെന്ന് കാണിച്ചു  കഴിഞ്ഞ ഡിസംബര്‍ 28നാണു പ്രമുഖ മൊബൈല്‍ കമ്പനി   ചെന്നൈ ക്യു ബ്രാഞ്ചിനു പരാതി നല്‍കിയത്. വ്യാജ മേല്‍വിലാസത്തില്‍ കണക്ഷനുകള്‍ നല്‍കിയ കമ്പനിയുടെ സെയില്‍സ് മാനേജര്‍മാരായ കാഞ്ചിപുരം സ്വദേശി   പാച്ചിയപ്പന്‍ , ചെന്നൈ സ്വദേശികളായ  രാജേഷ് ,അന്‍പരശന്‍  എന്നിവര്‍ അറസ്റ്റിലായി. മറ്റുള്ളവരുടെ രേഖകള്‍ വച്ചു സിം കാര്‍ഡുകള്‍  കടലൂര്‍ സ്വദേശി കാജാ ഹുസൈനു മറിച്ചുവിറ്റതാണെന്ന് ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന് കാജാ ഹുസൈനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഐ.സിന്റെ വാര്‍ത്താ വിനിമയ നെറ്റ് വര്‍ക്കുണ്ടാക്കാനാണ് സിം കാര്‍ഡുകളെന്ന് കണ്ടെത്തിയത്. 

തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു.കാജാ ഹുസൈനും  സേലം സ്വദേശി ലിയാഖത്ത് അലിഖാനും ചേര്‍ന്നാണ് ഇന്ത്യന്‍ മണ്ണിലെ  ഐ.എസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സമാന ചിന്താഗതിക്കാരായ  മുഹമ്മദ് ഹനീഫ്, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സിയാദ്, ഇജാസ് പാഷ, ഹുസൈന്‍ ശെരീഫ്, മുഹമ്മദ് പാഷ എന്നിവരെ ചേര്‍ത്ത് ഇവര്‍ ഐസിന്റെ  ഇന്ത്യന്‍ ഘടകം രൂപീകരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള ആശയ വിനിമയത്തിനു വേണ്ടിയാണ് സിം കാര്‍ഡുകള്‍ വാങ്ങിയതെന്നാണ് എന്‍.ഐ എയുടെ കണ്ടത്തല്‍  . മുഹമ്മദ് പാഷയുടെ ബംഗളുരുവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍  നാടന്‍ ബോംബുകളും  വെടിമരുന്നും കാട്ടില്‍ ഒളിവില്‍ താമസിക്കുന്നതിനാവശ്യമായ സാധനങ്ങളും ശേഖരിച്ചത് കണ്ടെത്തി. ഇവ തെളിവുകളായി കുറ്റപത്രത്തോടപ്പം ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മണ്ണില്‍  ഐ.എസിന്റെ  പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു  റജിസ്റ്റര്‍ ചെയ്യപെട്ട ആദ്യ കേസാണിത്. അടുത്ത ദിവസം തന്നെ കേസ് വിചാരണയ്ക്ക് എടുക്കും.