അവര്‍ പള്ളിയിൽ പോലും പോകില്ല; ഐഎസിൽ ചേരരുത്: മലയാളി പെൺകുട്ടി

സോണിയ സെബാസ്റ്റ്യൻ (ഫയൽ ചിത്രം )

ജീവിതം സ്വപ്നം കണ്ടതു പോലെയുള്ളതായിരുന്നില്ലെന്ന് ഐഎസിൽ ചേർന്ന മലയാളി. അയിഷയായി മതം മാറിയ സോണിയ സെബാസ്റ്റ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഐഎസിൽ ഇനിയും ചേരാൻ ആഗ്രഹിക്കുന്നവർ ഒരിക്കൽ കൂടി ചിന്തിക്കണമെന്നും താൻ അതിനെ പ്രോൽസാഹിപ്പിക്കില്ലെന്നും അവർ പറയുന്നു. അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയതിനെ തുടർന്ന് കാബൂളിലെ ജയിലിലാണ് സോണിയ ഇപ്പോൾ. ഐഎസ് ജിഹാദികൾ പള്ളിയിലേക്ക് പ്രാർഥനയ്ക്കായി പോലും പോകാറില്ലെന്ന് അഫ്ഗാനിലെത്തിയപ്പോഴാണ് മനസിലായതെന്നും കടുത്ത നിരാശ തോന്നിയെന്നും സോണിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഖലീഫയുടെ ഭരണമാണ് സ്വപ്നം കണ്ടതെങ്കിലും ജീവിതം അതായിരുന്നില്ല. യാഥാർഥ്യം മനസിലാക്കിയതോടെ ഭർത്താവ് റാഷിദ് കടുത്ത നിരാശയിലായെന്നും കേരളത്തിലെ ഐഎസ് അനുഭാവികൾക്ക് അയച്ചു വന്ന ഓഡിയോ ക്ലിപ്പുകൾ അവസാനിപ്പിച്ചെന്നും അവർ പറയുന്നു. ഇയാൾ പിന്നീട് കൊല്ലപ്പെട്ടിരുന്നു. കേരളത്തിൽ തിരിച്ചെത്തി റാഷിദിന്റെ മാതാപിതാക്കൾക്കൊപ്പം മുസ്​ലിമായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി. സോണിയയ്ക്കൊപ്പമാണ് നിമിഷയുമുള്ളത്. 

ഐഎസ് വിഭാവനം ചെയ്ത കാലിഫേറ്റ്  തെറ്റായിരുന്നില്ലെന്നും  താൻ സന്തുഷ്ടയായിരുന്നു പിന്നീടാണ് കാര്യങ്ങൾ തകിടം മറിഞ്ഞതെന്നും നിമിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഐ.എസ് ഉപേക്ഷിച്ച് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയാണ് തന്റെ നാടെന്നുമാണ് നിമിഷ ഫാത്തിമ പറയുന്നത്. ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ സ്വകാര്യ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 

മകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നിമിഷയുടെ അമ്മ ബിന്ദു ആവശ്യപ്പെട്ടിരുന്നു.