50 യുഎസ് കമാൻഡോകൾ, പ്രതീക്ഷിച്ചതിലും ഉഗ്ര സ്ഫോടനം; തൽസമയം കണ്ട് ബൈഡൻ

വാഷിങ്ടൻ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഖുറേഷിയെ വീടു വളഞ്ഞു വധിക്കാനുള്ള കമാൻഡോ നടപടി യുഎസ് ഉറപ്പിച്ചത് ഭീകരസംഘടന വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു ജയിൽ ഐഎസ് ഭീകരർ പിടിച്ചെടുത്തത് കഴിഞ്ഞ മാസമാണ്. ഭീകരർ ശക്തിപ്രാപിക്കുന്നുവെന്ന ഈ സൂചനയ്ക്കു പിന്നാലെ യുഎസ് പ്രത്യേക സേന നേതൃത്വം കമാൻഡോ നടപടിയുടെ അന്തിമ രൂപം കഴിഞ്ഞ മാസാവസാനം യുഎസ് പ്രസിഡന്റ് ജോ ബൈഡനു സമർപ്പിച്ചു. 

ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിൽ ബൈഡൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തിയശേഷം നടപടിക്ക് അനുമതി നൽകി. ബുധനാഴ്ച അർധരാത്രി ആരംഭിച്ച കമാൻഡോ ഓപ്പറേഷൻ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്ന് ബൈഡൻ തൽസമയം കണ്ടു. 

50 കമാൻഡോകളാണ് ഹെലികോപ്റ്ററുകളിലിറങ്ങിയത്. കമാൻഡോകൾ വീടു വളയുമ്പോൾ ഐഎസ് മേധാവി സ്വയം ബോംബ് പൊട്ടിച്ചു ജീവനൊടുക്കാനുള്ള സാധ്യതയും യുഎസ് സേന കണക്കിലെടുത്തിരുന്നു. സ്ഫോടനമുണ്ടായാൽ 3 നില കെട്ടിടം പൂർണമായി തകരുമോ എന്നറിയാൻ യുഎസ് സേന എൻജിനീയറിങ് പഠനവും നടത്തി. ‌വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ വീടിന്റെ മാതൃക തയാറാക്കി. 

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഐഎസ് മേധാവിയും കുടുംബവും രണ്ടാം നിലയിൽ മറ്റൊരു ഐഎസ് നേതാവും കുടുംബവുമാണു താമസിച്ചിരുന്നതെന്ന് യുഎസ് അധികൃതർ പറയുന്നു. ഏറ്റവും താഴെ നിലയിലാകട്ടെ ഐഎസുമായി ബന്ധമില്ലാത്ത ഒരു കുടുംബവും. മൂന്നാം നിലയിലെ താമസക്കാരൻ ഐഎസ് നേതാവാണെന്നതു വീട്ടുടമയ്ക്കോ പരിസരവാസികൾക്കോ അറിയില്ലായിരുന്നു. 

എല്ലാവരും പുറത്തുവരണമെന്ന് ആക്രമണത്തിനു മുൻപേ കമാൻഡോകൾ ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പു നൽകി. ഇത് അനുസരിച്ചില്ലെങ്കിൽ മിസൈലാക്രമണം ഉണ്ടാവുമെന്നും അറിയിച്ചു. 8 കുട്ടികൾ അടക്കം 10 പേർ പുറത്തുവന്നു. താമസിയാതെ മൂന്നാം നിലയിൽ ശക്തമായ സ്ഫോടനമുണ്ടായെന്നാണ് യുഎസ് സൈന്യത്തിന്റെ റിപ്പോർട്ട്. പ്രതീക്ഷിച്ചതിലും ഉഗ്രമായിരുന്നു സ്ഫോടനമെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ഫ്രാൻസ് മക്‌കെൻസി പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ ഐഎസ് ഭീകരരുടെ ഒരു സംഘം വെടിയുതിർത്തു. രണ്ടു മണിക്കൂർ നീണ്ട സൈനിക നടപടിക്കൊടുവിൽ കമാൻഡോ സംഘം മടങ്ങി. 

സിറിയയിൽ ഐഎസ് മേധാവിത്വം ഇല്ലാതായെങ്കിലും ഭീകരസംഘടനയിൽ 14,000 മുതൽ 18,000 വരെ അംഗങ്ങൾ ഇപ്പോഴും സജീവമാണെന്നാണ് അനുമാനം. ഇതിൽ 3,000 പേർ വിദേശികളാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ തകർന്ന കെട്ടിടത്തിനകത്തു ചോരപ്പാടുകളും തുണികളും കളിപ്പാട്ടങ്ങളും തൊട്ടിലും മറ്റും കാണാം. കുട്ടികളുടെ മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ദൃശ്യത്തിലുണ്ട്. 

ആരാണ് ഖുറേഷി ?

അബു ഇബ്രാഹിം അൽ ഖുറേഷിയെപ്പറ്റി (45) പുറംലോകം കേൾക്കുന്നതു തന്നെ 2 വർ‌ഷം മുൻപാണ്. 2019 ൽ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടതിനെത്തുടർന്നു തലവനായി സ്ഥാനമേറ്റപ്പോഴാണിത്. 2014 ൽ ഇറാഖിലെ ന്യൂനപക്ഷമായ യസീദികളെ വംശഹത്യ ചെയ്യാൻ നേതൃത്വം നൽകിയതു ഖുറേഷിയാണെന്നു യുഎസ് പറയുന്നു.

ഇറാഖിലെ മൊസൂളിനടുത്താണു ജനനം. സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിസൈന്യത്തിൽ കുറച്ചുകാലമുണ്ടായിരുന്നു. യുഎസ് അധിനിവേശത്തിനെതിരെ 2003–04 ൽ ഇറാഖിലുണ്ടായ സായുധ ചെറുത്തുനിൽപിന്റെ കാലത്താണ് ഖുറേഷി സർവകലാശാല പഠനം ഉപേക്ഷിച്ച് ഭീകരസംഘത്തിൽ ചേർന്നത്. 2008 ൽ യുഎസ് സേന ഖുറേഷിയെ പിടികൂടിയെങ്കിലും ഒരു വർഷത്തിനുശേഷം വിട്ടയച്ചു. 2014 ൽ മൊസൂൾ നഗരം പിടിക്കാൻ അൽ ബഗ്ദാദിയെ സഹായിച്ചത് ഖുറേഷിയായിരുന്നു.