ലൊക്കേഷന്‍ ഇന്‍സ്റ്റഗ്രാമില്‍; മിനിറ്റുകള്‍ക്കകം ഇക്വഡോര്‍ സൗന്ദര്യ റാണി വെടിയേറ്റ് മരിച്ചു

landy-shot-05
SHARE

ഇക്വഡോറിലെ സൗന്ദര്യ റാണിയും സമൂഹമാധ്യമ താരവുമായ ലാന്‍ഡി പരഗ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്വിവിഡോ നഗരത്തിലെത്തിയതായിരുന്നു ലാന്‍ഡി. ഭക്ഷണം കഴിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സ്ഥലവിവരം പങ്കുവച്ചതിന് പിന്നാലെയാണ് 23കാരി അജ്ഞാതരാല്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 28നായിരുന്നു സംഭവം. 

റസ്റ്റൊറന്‍റിലെ പ്രശസ്തമായ നീരാളി വിഭവം കഴിക്കുന്നതിന്‍റെ ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു ലാന്‍ഡിയുടെ ദാരുണാന്ത്യം. ഭക്ഷണശാല ലക്ഷ്യമാക്കി തോക്കുധാരികളായ രണ്ടുപേര്‍ നടന്ന് വരുന്നത് നോക്കി നില്‍ക്കുന്ന ലാന്‍ഡി അടുത്തുള്ള ആളോട് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആയുധധാരികളില്‍ ഒരാള്‍ വാതിലില്‍ നില്‍പ്പുറപ്പിച്ചതും മറ്റേയാള്‍ ലാന്‍ഡിക്ക് സമീപത്തേക്ക് പാഞ്ഞെത്തി നിറയൊഴിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന് നേരെയും വെടിയുതിര്‍ത്തു. മൂന്ന് തവണ വെടിയേറ്റ ലാന്‍ഡി തല്‍ക്ഷണം മരിച്ചു. 

ലഹരിക്കടത്ത് രാജാവായിരുന്ന ലിയനാര്‍ഡോ നൊറേറൊയുമായി ലാന്‍ഡി പ്രണയത്തിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലും സംരംഭകയും സമൂഹമാധ്യമ താരവുമായ ലാന്‍ഡിക്ക് ആഡംബര സമ്മാനങ്ങള്‍ നൊറേറൊ കൊടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ലഹരിക്കടത്തില്‍ ജയിലില്‍ ആയ നൊറേറൊ കഴിഞ്ഞ വര്‍ഷം തടവുകാര്‍ക്കിടയിലുണ്ടായ അടിപിടിയില്‍ കൊല്ലപ്പെട്ടിരുന്നു. ലാന്‍ഡിയും നൊറേറൊയും തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞ നൊറേറൊയുടെ വിധവയാണ് ലാന്‍ഡിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. 

നൊറേറൊയുടെ കള്ളക്കടത്ത് ശൃംഖലയെ കുറിച്ചുള്ള കേസില്‍ ലാന്‍ഡിയെയും അടുത്തയിടെ പ്രതി ചേര്‍ത്തിരുന്നു. ലഹരിക്കച്ചവടത്തിലും കള്ളക്കടത്തിലും ലാന്‍ഡിക്കും പങ്കുണ്ടെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ലാന്‍ഡി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN WORLD
SHOW MORE