കോട്ടയത്ത് വാറ്റ് കേന്ദ്രങ്ങള്‍ സജീവം; പരിശോധന ശക്തം

കോവിഡ് നിയന്ത്രണങ്ങൾ മൂലം മദ്യം ലഭിക്കാതായതോടെ കോട്ടയത്തും വ്യാജചാരായം നിർമ്മാണം വ്യാപകമാവുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈക്കം കടുത്തുരുത്തി മേഖലകളിലായി നാല് വീടുകളിൽ നിന്നാണ് എക്സൈസ് കോടയും ചാരായവും പിടിച്ചത്. വാറ്റു കേന്ദ്രങ്ങൾ സജീവമായതിന്റെ സൂചനകൾ ലഭിച്ചതോടെ ജില്ലയിൽ ഉടനീളം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് എക്സൈസ്.

ബവ്റിജസും ബാറും കള്ള് ഷാപ്പുമില്ല, വഴികളെല്ലാം അടഞ്ഞതോടെ സ്വന്തം നിലയ്ക്ക് മദ്യ നിർമാണം ആരംഭിച്ചു പലരും. എക്സൈസ് ഇത്തരക്കാർക്ക് പിന്നാലെ തന്നെയുണ്ട്. വൈക്കം മേഖലയിൽ ഒറ്റ ദിവസം മൂന്ന് വാറ്റ് കേന്ദ്രങ്ങളാണ് കണ്ടെത്തിയത്.കുടവെച്ചൂരിൽ നിന്ന് 200 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും പിടിച്ചു.നഗരി ന്ന അയ്യനാട്ട് കോളനിയിൽ വിരുത്തിയിൽ വിനോദിന്റെ വീട്ടിലും പരിസരത്തു നിന്നും ചാരായവും 200 ലിറ്റർ കോടയും കണ്ടെത്തി. വെച്ചൂർ അച്ചിനകം പുതുക്കരി വർഗ്ഗീസിന്റെ വീട്ടിൽ നിന്ന് 140 ലിറ്റർ കോടയാണ് പിടിച്ചത്. വാറ്റുകാരെ പിടികൂടാനായില്ല. 

പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തിയാൽ എളുപ്പത്തിൽ രക്ഷപെടാൻ കഴിയുന്ന ഉൾപ്രദേശങ്ങളിലും കോളനികളിലുമാണ് വാറ്റ് കേന്ദ്രങ്ങൾ സജീവമായിരിക്കുന്നത്. വെച്ചൂർ, തലയാഴം മേഖലകളിൽ വാറ്റു കേന്ദ്രങ്ങൾ വർഷങ്ങളായി പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാടശേഖരങ്ങൾക്ക് നടുവിലും ചെന്നെത്താൻ പ്രയാസമുള്ളിടങ്ങൾ കേന്ദ്രീകരിച്ചുമാണ് ഇവയുടെ പ്രവർത്തനം. എക്സൈസിന്റെ ശക്തമായ നടപടിയിൽ നിലച്ചിരുന്ന ഈവാറ്റുകേന്ദ്രങ്ങളാണ് വീണ്ടും സജീവമാകുന്നത്. കായലോര മേഖലകളിലും വീടുകൾ കേന്ദ്രീകരിച്ചും ചാരായം നിർമ്മാണം വ്യാപകമാണ്.