തട്ടിക്കൊണ്ടു പോയി കവർച്ച; ദേശീയ പഞ്ചഗുസ്തി ചാംപ്യൻ അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്ന യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊളളയടിച്ച സംഘത്തിലെ പ്രധാനി ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍. താനൂര്‍ എടകടപ്പുറം സ്വദേശി അറാഫത്താണ് പൊലീസ് പിടിയിലായത്.

കളളക്കടത്തു സ്വര്‍ണത്തിന്റെ കാരിയര്‍മാരാണന്ന് തെറ്റിദ്ധരിച്ച് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയതോടെയാണ് അറാഫത്ത് അറസ്റ്റിലായത്. യാത്രക്കാരെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷമാണ് അറാഫത്തിന്റെ നേതൃത്വത്തില്‍ കൈവശമുളള പണവും സ്വര്‍ണവുമടക്കം വിലയേറിയ വസ്തുക്കളെല്ലാം പിടിച്ചു പറിക്കുന്നത്. കര്‍ണാടകക്കാരന്‍ അബ്ദുൾ നാസർ ഷംസാദിനെ തട്ടിക്കൊണ്ട് പോയി പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. 

തൊട്ടടുത്ത ദിവസം വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് റയില്‍വേ സ്റ്റേഷനിലേക്ക് ഒാട്ടോറിക്ഷയില്‍ സഞ്ചരിച്ച രണ്ടു കാസര്‍കോട് സ്വദേശികളെ കൊളളയടിച്ചതും ഇതേ സംഘമാണന്നാണ് നിഗമനം. കേസില്‍ അഞ്ചു പ്രതികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അബ്ദുല്‍ നാസര്‍ ഷംസാദിന്റെ കൈവശം സ്വര്‍ണമുണ്ടെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടേക്കുളള യാത്രമധ്യേ തട്ടിക്കൊണ്ടുപോയത്. യുവാവിനെ വിവസ്ത്രനാക്കി മര്‍ദിച്ചു. സ്വര്‍ണമില്ലെന്ന് ഉറപ്പായതോടെ കൈവശമുളള പണം കൈക്കലാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. 

കരിപ്പൂരില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ യാത്രക്കാരനേയാണ് തട്ടിക്കൊണ്ടുപോയി പണവും വിലപിടപ്പുളള വസ്തുക്കളും കവര്‍ന്നെടുക്കുന്നത്. സാധാരണ യാത്രക്കാര്‍ സംഘത്തിന്റെ ആക്രമണത്തിന് ഇരയായതോടെയാണ് പരാതി പൊലീസിലെത്തിയത്.