താമരശ്ശേരിയിലെ വ്യാപാരിയെ തട്ടിക്കൊണ്ട് പോയത് കരിപ്പൂർ സ്വർണക്കടത്ത് സംഘം; പൊലീസ്

താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തുസംഘം തന്നെയെന്ന് സ്ഥിരീകരണം. മുഹമ്മദ് അഷ്റഫിന്‍റെ ഭാര്യസഹോദരന്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന്‍റെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നും തെളിഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ പ്രധാനപ്രതിയായ അലി ഉബൈറിന്‍റെ സഹോദരങ്ങളാണ്. ഒളിവില്‍ പോയ മൂന്ന് പേര്‍  അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നു. കരിപ്പൂര്‍ സ്വര്‍ണകടത്തുകേസിലും പ്രതിയാണ് അലി ഉബൈര്‍. 

തട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് അറിയില്ലെന്ന് മുഹമ്മദ് അഷ്റഫ് ആവര്‍ത്തിക്കുകയാണെങ്കിലും ലക്ഷ്യം എന്താണെന്ന് പൊലിസ് മനസിലാക്കികഴിഞ്ഞു. അഷ്റഫിന്‍റെ ഭാര്യ സഹോദരനായ മുക്കം സ്വദേശിയും കാവന്നൂര്‍ സ്വദേശി അബ്ദുല്‍ സലാമും പ്രധാന പ്രതി അലി ഉബൈറുമായി നടത്തിയ സ്വര്‍ണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേയ്ക്ക് എത്തിയത്. അതായത് കാവന്നൂര്‍ സ്വദേശിക്ക് കേരളത്തിലേയ്ക്ക് കടത്താനുള്ള സ്വര്‍ണം അഷ്റഫിന്‍റെ ബന്ധുവായ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞുവച്ചു. ഇതുവിട്ടുകിട്ടാന്‍ ഇടപാടിലെ മറ്റൊരു പങ്കാളിയായ അലി ഉബൈര്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കുകയായിരുന്നു. മുഹമ്മദ് അഷ്റഫിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രതികള്‍ ആറു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്്. ആദ്യം അറസ്റ്റിലായ മുഹമ്മദ് ജൗഹറിന് പുറമേ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും അലി ഉബൈറിന്‍റെ സഹോദരങ്ങളാണ്. ഇവരില്‍ നിന്ന് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സൂചനകളനുസരിച്ച് മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ തമിഴ്നാട്ടിലേയ്ക്കും ഒരാള്‍ കര്‍ണാടകയിലേയ്ക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. അതിനാല്‍ മൊബൈല്‍ നെറ്റ്്വര്‍ക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയ നിലയിലാണ്. 

gold smuggling groups behind kidnap