ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി; 2 പേർ അറസ്റ്റിൽ

കോഴിക്കോട് താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്റഫ് മൂന്നു ദിവസങ്ങൾക്ക് ശേഷം തിരികെയെത്തി. ഇയാളെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ തന്നെ  കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസിലാണ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അഷ്റഫ് പറയുന്നു. അഷ്റഫിന്റെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. പൊലീസ് ഇയാളിൽ നിന്ന്  വിശദമായ മൊഴി  രേഖപ്പെടുത്തും. 

അതേസമയം അഷ്റഫിനെ  തട്ടിക്കൊണ്ടുപോയതിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂർ  സ്വദേശികളായ  മുഹമ്മദ് നാസ് ,ഹബീബ് റഹ്മാൻ എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Kidnapped merchant muhammed ashraf returns home