കൊടിയെ ചൊല്ലി തർക്കം; അണ്ടൂർകോണത്ത് സിപിഎം കോൺഗ്രസ് സംഘർഷം

തിരുവനന്തപുരം അണ്ടൂർകോണം കുന്നുംപുറത്ത് സി.പി.എം. കോൺഗ്രസ് സംഘർഷം. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു.  പാർട്ടിയുടെ കൊടി എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ ഹരീഷ് കുമാർ, അഡ്വക്കേറ്റ് റഫീഖ്, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസിം എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.

ഞായറാഴ്ച ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കെട്ടിയ കൊടി ഡിവൈഎഫ്ഐ പ്രവർത്തകർ എടുത്തുമാറ്റി എന്നാരോപിച്ച്  യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസിം സി.പി.എമ്മിന്റെ കൊടി ഇന്നലെ ഉച്ചയ്ക്ക് എടുത്തുമാറ്റി. രാത്രിയോടെ ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു. 

സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ  പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തിൽ പ്രതിക്ഷേധിച്ച് ഡിവൈഎഫ്ഐ  അണ്ടൂർകോണത്ത് ഹർത്താലിനാഹ്വാനം ചെയ്തു.