കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളി കോക്കാൻ സുബിഷ് അറസ്റ്റിൽ

ചാലക്കുടി കൊരട്ടി കൂവക്കാട്ട് കുന്നിൽ വച്ച് ഒരു കിലോയിലധികം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനൽ  കോക്കാൻ സുബിഷ് അറസ്റ്റിൽ . വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് രഹസ്യമായി എത്തിച്ചു നൽകുന്നതാണ് രീതി.

കുറച്ചു നാളുകളായി മേലൂർ മേഖലയിൽ  കഞ്ചാവsക്കമുള്ള ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി ചാലക്കുടി ഡിവൈഎസ്പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രത്യേകാന്വേഷണ സംഘങ്ങൾ സുബിഷിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.  കറുകുറ്റിയിലെ എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥികളെന്ന വ്യാജേന സുബീഷുമായി ഫോണിൽ പൊലീസ് ബന്ധപ്പെട്ടു. പൊലിസ് ആവശ്യപ്പെട്ട സ്ഥലത്ത് കഞ്ചാവുമായി എത്തിയ സുബിഷിനെ കയ്യോടെ പിടികൂടുകയായിരുന്നു.

മൊത്തക്കച്ചവടക്കാരിൽ നിന്ന് എണ്ണായിരം രൂപക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ചെറു പൊതികളാക്കി അഞ്ഞൂറ് രൂപക്കാണ് വിറ്റിരുന്നത്. ഇങ്ങനെ ഒരു കിലോക്ക്  അമ്പതിനായിരം രൂപ വരെ കിട്ടുമെന്ന് പ്രതി ചോദ്യം ചെയ്യലിനിടെ  സമ്മതിച്ചു. കൊരട്ടി സ്റ്റേഷനിലെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബീഷ്.