എങ്കിൽ പൊലീസും ചാടട്ടെ..!; കഞ്ചാവുമായി കുളത്തിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്

കഞ്ചാവ് പൊതിയുമായി കുളത്തിലേക്ക് ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പാലക്കാട് പുതുനഗരം പൊലീസ്. കൊടുവായൂര്‍ സ്വദേശി സനൂപാണ് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനവുമായി ഏറെ ദൂരം യാത്ര ചെയ്തശേഷം കുളത്തിലേക്ക് ചാടിയത്. നാല് കിലോയിലധികം കഞ്ചാവുമായി സനൂപിനെ പിടികൂടിയെങ്കിലും ബൈക്കിനു പിന്നിലുണ്ടായിരുന്ന കൂട്ടുപ്രതി രക്ഷപ്പെട്ടു. 

ഇങ്ങനെ നാട്ടുകാരെ ഉപദേശിക്കാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ കഞ്ചാവ് കടത്തുകാരനെ നീന്തിപ്പിടിക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതുനഗരം പൊലീസ്. കൊടുവായൂരിന് സമീപം എസ്.ഐയുെട നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോഴാണ് പൊലീസ് കൈകാണിച്ചിട്ടും രണ്ട് യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം നിര്‍ത്താതെ പാഞ്ഞത്. പൊലീസിന് സംശയമായി. പിന്നാലെ പാഞ്ഞു. ഒടുവില്‍ വാഹനം പിടികൂടുമെന്നായപ്പോള്‍ പിന്നിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. സനൂപ് വാഹനം ഉപേക്ഷിച്ച് മുന്നിലെ ചാക്ക് കെട്ടുമായി കുളത്തിലേക്ക് ചാടി. ഒട്ടും വൈകിയില്ല. പൊലീസും ചാടി. 

നീന്തിച്ചെന്ന് സനൂപിനെയും നാല് കിലോ മുന്നൂറ് ഗ്രാം കഞ്ചാവും കരയിലെത്തിച്ചു. കഞ്ചാവ് വില്‍പനയില്‍ നിന്ന് കിട്ടിയതായി കരുതുന്ന അറുപതിനായിരം രൂപയും കണ്ടെടുത്തു. സനൂപിന്റെ പിന്നിലുണ്ടായിരുന്നയാളും ചില്ലറക്കാരനല്ലെന്നാണ് പൊലീസ് പറയുന്നത്. സ്കൂള്‍ കോളജ് കേന്ദ്രീകരിച്ച് പതിവായി കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവാണ്. ഇയാളെയും വൈകാതെ പിടികൂടുമെന്ന് പുതുനഗരം ഇന്‍സ്പെക്ടര്‍ അറിയിച്ചു.