സ്കൂള്‍ സെക്യൂരിറ്റി ഒാഫീസില്‍ കഞ്ചാവ്; സുരക്ഷാജീവനക്കാർ ഓടി രക്ഷപ്പെട്ടു; 5 പേർ കസ്റ്റഡിയിൽ

കോതമംഗലം നെല്ലിക്കുഴിയില്‍ സ്കൂളിന്റെ സെക്യൂരിറ്റി ഒാഫീസ് കേന്ദ്രീകരിച്ച്  ലഹരിവില്‍പന നടത്തിയ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍ . എക്സൈസ് സംഘത്തെ വെട്ടിച്ച് ലഹരിസംഘത്തിലെ പ്രധാനിയും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു  ഇവിടെ നിന്ന്  കഞ്ചാവ് പൊതികളും കണ്ടെടുത്തു.

ലഹരിക്കെതിരെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചകളാണ് െനല്ലിക്കുഴിയിലെ സ്കൂള്‍  സെക്യൂരിറ്റി മുറിയില്‍ കണ്ടത് . ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന മുറിക്കുള്ളില്‍ ലഹരിതേടിയെത്തിയ അഞ്ചു യുവാക്കള്‍ . വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ, കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ  എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു . പരിശോധന മുന്‍കൂട്ടിക്കണ്ട സുരക്ഷാജീവനക്കാരായ  സാജു ബിജു എന്നിവരും ലഹരിസംഘത്തിലെ പ്രധാനി യാസിനും രക്ഷപ്പെട്ടു.  തൃക്കാരിയൂർ സ്വദേശി രാഹുലിനെയും കേസുമായി ബന്ധപ്പെട്ട് എക്സൈസ് തിരയുന്നുണ്ട്. സ്കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന യാസിന്‍ ന്റെ ബൈക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

യാസിന്‍  ഇവിടെ പതിവായി കഞ്ചാവ് എത്തിച്ചിരുന്നത്. സുരക്ഷാ ജീവനക്കാര്‍ താമസിച്ചിരുന്ന മുറിക്കുള്ളില്‍ ലഹരി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു . സ്കൂള്‍കുട്ടികള്‍ക്കും ഇവര്‍ ലഹരി വിറ്റിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട് . അതേസമയം സ്കൂള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ലഹരിവില്‍പന നടന്നിരുന്നതായി അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം .സ്കൂളിലെ സിസിടിവി സംവിധാനവും തകരാറിലായിരുന്നു . 

കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം  എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ ഹിരോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത് . 

Ganja in School Security Office; The security personnel escape; 5 people in custody