മ്യൂസിയം കേസ്: സന്തോഷിന്റേത് രാഷ്ട്രീയ നിയമനം; കരാര്‍ ജീവനക്കാരനെന്ന വാദം പൊളിയുന്നു

മ്യൂസിയം ലൈംഗികാക്രമണക്കേസിലെ പ്രതി സന്തോഷ് കുമാറിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരന്‍ ഷിനില്‍ ആന്റണി. ശമ്പളം കൊടുക്കുക മാത്രമാണ് തന്റെ ജോലിയെന്നും വ്യക്തിപരമായ ഒരു വിവരവും അറിയില്ലെന്നും ഷിനില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഒാഫീസ് ഡ്രൈവറായിരുന്നു സന്തോഷെന്നും ഷിനില്‍ പറഞ്ഞു. സന്തോഷ് കരാര്‍ ജീവനക്കാരന്‍  മാത്രമെന്ന് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിന്റെ ഒാഫീസ് കൈകഴുകുമ്പോഴാണ് കരാറുകാരന്റെ വെളിപ്പെടുത്തല്‍. 

സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ റിമാൻഡിലാണ് പ്രതി.  മ്യൂസിയം കേസിലും പ്രതി സന്തോഷാണെന്ന് കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം. പേരൂർക്കട പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗികാതിക്രമ കേസിൽ സന്തോഷിന്റെ വിരലടയാളം ഫൊറൻസിക് ലാബിലേയ്ക്ക് അയച്ചു. കഴിഞ്ഞ ഡിസംബറിൽ  കുറവൻകോണത്ത് വീടിനുള്ളിൽ കയറി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് കേസ്.  പരാതി ലഭിച്ച് ഒരു വർഷത്തോളമായിട്ടും പ്രതിയെ പിടികൂടാതിരുന്നതും പൊലീസിന്‍റെ ഗുരുതരവീഴ്ചയാണ്

Museum Case: Santosh's Political Appointment; The argument that he is a contract employee falls apart