റോഡിന്റെ ടാർ ഇളക്കി 'ബേൺ ഔട്ട്'; ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദനം

കോട്ടയം ഈരയിൽക്കടവ് റോഡിൽ ടാറിങ് പോലും ഇളക്കി നടന്ന ബൈക്ക് അഭ്യാസ പ്രകടനം ചോദ്യം ചെയ്ത യുവാവിനു ക്രൂരമർദനം. സംഭവം നേരിൽക്കണ്ടിട്ടും ഇവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെടാതെ മടങ്ങി.കുമാരനല്ലൂർ സ്വദേശി ദീപുവിനെയാണു ബൈക്ക് അഭ്യാസം നടത്തിയ 3 പേർ ചേർന്നു മർദിച്ചത്. ഇന്നലെ വൈകിട്ട് ആറേകാലോടെയാണു സംഭവം. ഈരയിൽക്കടവ് റോഡിൽ ബൈക്കുമായി അഭ്യാസം നടത്തിയ 3 യുവാക്കളാണ് ആക്രമണം നടത്തിയത്.

2 ബൈക്കുകളിലെത്തിയ ഇവർ ഒരു ബൈക്ക് ഉപയോഗിച്ചു റോഡിലെ ടാർ ഇളകുംവിധം ബൈക്ക് ഇരപ്പിക്കുകയായിരുന്നു.ബേൺ ഔട്ട് എന്നാണ് ഈ സ്റ്റണ്ടിങ് രീതിക്കു പേര്.റോഡിലെ ടാർ ഇളകി കുഴിയായതു കണ്ട് ഇവിടെയുണ്ടായിരുന്ന ദീപു ചോദ്യം ചെയ്യുകയായിരുന്നു. ഇവർ തമ്മിൽ വാക്കേറ്റവുമായി. ഇതിനിടെയാണു യുവാക്കൾ ആക്രമിച്ചതെന്നു ദീപു പറഞ്ഞു.നെറ്റി പൊട്ടി ചോരയൊലിച്ചു നിൽക്കുമ്പോഴാണ് ഒരു പൊലീസ് ജീപ്പ് (നമ്പർ: കെഎൽ1 ബിടി 3616) ഇതുവഴി എത്തിയത്.

ചോരയൊലിപ്പിച്ച മുഖവുമായി കാര്യം പറഞ്ഞെങ്കിലും ഇതിൽ നിന്ന് ഇറങ്ങിയ ഉദ്യോഗസ്ഥൻ ഇടപെടാതെ ജീപ്പ് ഓടിച്ചുപോയി.കൂടുതൽ ആളുകൾ കൂടുന്നതു കണ്ടു ബൈക്കിലുണ്ടായിരുന്നവർ സ്ഥലം വിട്ടു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപുവിന്റെ നെറ്റിയിൽ 2 തുന്നലുണ്ട്.ഈരയിൽക്കടവ് റോഡ് വഴി ബൈക്ക് അഭ്യാസങ്ങൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന പരാതിക്കിടെയാണ് ആക്രമണം നേരിൽക്കണ്ടിട്ടും ഇടപെടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മടങ്ങിയത്.