കള്ളനോട്ടു നൽകി മദ്യം വാങ്ങി; നെടുങ്കണ്ടത്ത് ഒരാൾ പിടിയിൽ

ഇ‍ടുക്കി നെടുങ്കണ്ടത്ത് കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. പൊലീസ് പരിശോധനയ്ക്കിടെ ഒരാൾ ഓടിരക്ഷപെട്ടു. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. 

തമിഴ്നാട് തേവാരം മുതൽസ്ട്രീറ്റ് സ്വദേശി അരുൺകുമാറാണ് അറസ്റ്റിലായത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ഭാസ്കരൻ പൊലീസ് പരിശോധനക്കിടെ ഒാടി രക്ഷപ്പെട്ടു. പ്രതികള്‍  ബാലഗ്രാമില്‍ പശു ഫാമിലെ ജീവനക്കാരാണ്. തൂക്കുപാലത്തെ മദ്യവിൽപനശാലയിൽ എത്തി മദ്യം വാങ്ങിയ സംഘം കള്ളനോട്ട് മാറിയെടുത്തു. നോട്ടു കണ്ട് ജീവനക്കാർക്കു സംശയം തോന്നി അരുൺകുമാറിന്റെയും ഭാസ്കരന്റെയും പിന്നാലെയെത്തിയതോടെ ഇരുവരും ഓട്ടോറിക്ഷയിൽ രക്ഷപെട്ടു.  ജീവനക്കാർ ഉടൻ തന്നെ തൂക്കുപാലത്തെ ഓട്ടോ ഡ്രൈവറെ  വിവരം അറിയിച്ചു.

എന്നാല്‍  ഇതേ ഡ്രൈവർക്കും ഇതിനിടെ സംഘം 500 രൂപയുടെ കള്ളനോട്ട് ഓട്ടക്കൂലിയായി നൽകി കബളിപ്പിച്ചിരുന്നു. പിന്നീട് നെടുങ്കണ്ടം പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതികളുടെ  താമസ സ്ഥലം കണ്ടെത്തി പരിശോധന നടത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 15 കള്ളനോട്ടുകൾ കണ്ടെത്തി.

ഭാസ്കരൻ തമിഴ്നാട്ടിലേക്കു കടന്നതയാണു പൊലീസിനു ലഭിച്ച സൂചന.  ബാലഗ്രാമിലെ പശുഫാമിൽ ഒന്നര മാസം മുൻപാണ് പ്രതികള്‍  ജോലിക്കെത്തിയത്. ഭാസ്കരനാണു അരുൺകുമാറിനു കള്ളനോട്ട് നൽകിയതെന്നാണു പൊലീസ് നിഗമനം. ഇരുവരും ചേർന്നാണു തുക്കുപാലത്തു കള്ളനോട്ട് മാറിയെടുക്കാൻ ശ്രമം നടത്തിയത്. പ്രതിയെ ഇടുക്കി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണു പൊലീസിന്റെ തീരുമാനം.