കള്ളനോട്ട് നിര്‍മാണത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന സംഘം; ഒരാൾ കൂടി പിടിയിൽ

കള്ളനോട്ട് കേസില്‍ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഒരാളെ കൂടി അറസ്റ്റു െചയ്തു. കള്ളനോട്ട് നിര്‍മാണത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണെന്നാണ് സൂചന. ഈ മാസം മൂന്നാം തീയതിയാണ് വാഹന പരിശോധനയ്ക്കിടെ കള്ളനോട്ടുമായി മൂന്നു പേരെ കുന്നിക്കോട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ഹേമന്ത്, ജോൺ കിംസ്റ്റൺ കൊല്ലം വയക്കലിൽ നിന്നുള്ള മോഹനൻപിള്ള എന്നിവരാണ് അറസ്റ്റിലായത്. 

അഞ്ഞൂറിന്റെയും നൂറിന്റേതുമായിരുന്നു വ്യാജ നോട്ടുകള്‍. പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രതികള്‍ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു നോട്ട് നിര്‍മാണമെന്ന് കണ്ടെത്തി. പിന്നാലെ നാലാം പ്രതിയായ നെയ്യാറ്റിൻകര സ്വദേശി സൈമണിനെ പിടികൂടി.

ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നുള്ള അഭിലാഷിനെയും അറസ്റ്റു ചെയ്തു. അഭിലാഷും, ഹേമന്തും, സൈമണും കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കള്ളനോട്ട് കേസുകളിലും പ്രതികളാണ്. അവിടെ ജയിലായിരുന്നു മൂവരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും എല്ലാവരും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.