കൊടുങ്ങല്ലൂർ കള്ളനോട്ട് കേസ്; ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് അറസ്റ്റിൽ

കൊടുങ്ങല്ലൂരില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റയാളില്‍ നിന്ന് കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്ന പേരില്‍ അറിയിപ്പെടുന്ന സഹോദരങ്ങളെയാണ് ബംഗ്ലുരുവില്‍ നിന്ന് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ രാകേഷ്, സഹോദരന്‍ രാജീവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി: സലീഷ് എന്‍ ശങ്കരനും സംഘവും ബംഗ്ലുരുവില്‍ നിന്ന് പിടികൂടിയത്. ഒട്ടേറെ കള്ളനോട്ടു കേസുകളില്‍ പ്രതികളാണ് ഇവര്‍. 2017ല്‍ സ്വന്തം വീട്ടില്‍ കള്ളനോട്ടടിച്ച കേസില്‍ ആദ്യം അറസ്റ്റിലായത്. അന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു ഇരുവരും. 

പിന്നീട്, യുവമോര്‍ച്ചയില്‍ നിന്ന് ഇരുവരേയും പുറത്താക്കിയിരുന്നു. ജാമ്യത്തിലിറങ്ങി സംസ്ഥാനംവിട്ട ഇവര്‍ ബംഗ്ലൂരുവില്‍ കള്ളനോട്ട് നിര്‍മാണവുമായി സജീവമായിരുന്നു. രണ്ടാഴ്ച മുമ്പ് കരൂപ്പടന്നയില്‍ ബൈക്കില്‍ പോകുകയായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ജിത്തുവിന് വീണ് പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ നിന്ന് കള്ളനോട്ടുകള്‍ കിട്ടി. ഉടനെ, പൊലീസിന് കൈമാറി. ജിത്തുവിന് എങ്ങനെ കള്ളനോട്ട് കിട്ടിയെന്ന അന്വേഷണമാണ് ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സില്‍ കലാശിച്ചത്. ചാവക്കാട്, മലപ്പുറം, കോഴിക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഏജന്റുമാർ മുഖേന ഇവർ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2019 ൽ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അന്തിക്കാട് ഇവർ പിടിയിലായിരുന്നു.