പൊലീസ് എത്തിയപ്പോൾ നോട്ട് കത്തിച്ചു കളയാൻ ശ്രമം; യഥാർഥ നോട്ടുകൾക്കിടയിൽ വ്യാജൻ

പോത്തൻകോട്: അണ്ടൂർക്കോണം പോസ്റ്റാഫിസ് റോഡിൽ വാടക വീട്ടിൽ കഴിയുന്ന അഴൂർ സ്വദേശി രഞ്ജിത്ത് കുമാറിനെ  നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിങ് മെഷീനും ,വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റും സിനിമാ ചിത്രീകരണത്തിനെന്ന് സീൽ പതിപ്പിച്ച നോട്ടുകെട്ടുകളും പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാടു സ്വദേശിയായ സുന്ദർ എന്നയാളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊലീസ് അണ്ടൂർക്കോണത്ത് എത്തുന്നത്.

പൊലീസ് എത്തുന്നതറിഞ്ഞ് മുറിയിലുണ്ടായിരുന്ന നോട്ടുകെട്ടുകൾ കത്തിച്ചു കളയാനുള്ള ശ്രമത്തിലായിരുന്നു രഞ്ജിത് കുമാർ. ഫോർട്ട് സ്റ്റേഷനിൽ 2020ൽ  റജിസ്റ്റർ ചെയ്ത കേസിൽ  സിഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.

നോട്ട് ഇരട്ടിപ്പിച്ചു നൽകാമെന്ന്  വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു പണം വാങ്ങിയ ശേഷം യഥാർഥ നോട്ടുകൾക്കിടയ്ക്ക് കള്ളനോട്ടുകൾ വച്ച് പായ്ക്ക് ചെയ്തു കൊടുക്കുകയാണത്രെ ഇവരുടെ പതിവ്.  വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവർ സ്ഥലത്ത് എത്തുന്നത്. നോട്ട് കൈമാറിക്കഴിഞ്ഞാൽ ഉടൻ അവിടെ നിന്നു പോകുകയും ചെയ്യും.