5 ലക്ഷം നൽകിയാൽ 15 ലക്ഷം തിരികെ; പണം ഇരട്ടിപ്പ് തട്ടിപ്പ്; 3 പേർ അറസ്റ്റിൽ

തമിഴ്നാട് സ്വദേശികളായ പണം ഇരട്ടിപ്പ് സംഘം കൊല്ലം അഞ്ചലിൽ അറസ്റ്റിലായി. തട്ടിപ്പ് നടത്തി രക്ഷപെടുമ്പോള്‍ ഇടപാടുകാര്‍ തടഞ്ഞതാണ് അറസ്റ്റിലേക്ക് എത്തിച്ചത്. പണം തട്ടിപ്പിനുവേണ്ടി മധുരയില്‍ നിന്നെത്തിയ വീരപുത്രൻ, മണികണ്ഠൻ, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. നോട്ടിരട്ടിപ്പ് സംഘവും ഇടപാടുകാരായ യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. അഞ്ചൽ ആയൂർ റോഡിലെ കൈപ്പള്ളി സൊസൈറ്റി മുക്കിനു സമീപമായിരുന്നു സംഘര്‍ഷം. 

അഞ്ച് ലക്ഷം രൂപ നൽകിയാൽ 15 ലക്ഷം രൂപ തിരികെ നൽകുമെന്നായിരുന്നു മധുര സംഘത്തിന്റെ വാഗ്ദാനം. രാത്രി എട്ടിന് കാറിൽ എത്തിയ തട്ടിപ്പ് സംഘം ‌കാഴ്ചയില്‍ രൂപയെന്നു തോന്നുന്ന നോട്ടുകെട്ടുകൾ അഞ്ചല്‍ സ്വദേശിയെ ഏല്‍പ്പിച്ച് കാറില്‍ സ്ഥലം വിട്ടു. സൂക്ഷ്മ പരിശോധനയിൽ നോട്ടുകെട്ടിൽ കൂടുതലും കടലാസാണെന്നു ബോധ്യമായി. ഇടപാടുകാരായ യുവാക്കള്‍ തട്ടിപ്പ് സംഘത്തെ പിന്തുടർന്നു കൈപ്പള്ളി മുക്കിൽ വച്ച് തടയുകയായിരുന്നു. ഇവിടെ വച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.