ടിഎന്‍ടി ചിട്ടിക്കമ്പനി ഉടമകളെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടീസ്; കേസ് ക്രൈംബ്രാഞ്ചിന്

തൃശൂരില്‍ പൊളിഞ്ഞ ടിഎന്‍ടി ചിട്ടിക്കമ്പനിയുടെ ഉടമകളെ പിടികൂടാന്‍ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. നാലായിരത്തോളം പേരുടെ പണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചു. കേസ് ഉടനെ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറും

ടി.എന്‍.ടി. ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ച സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്. പലരും മക്കളുടെ വിവാഹ ആവശ്യത്തിനും വീട്ടാവശ്യത്തിനുമായി സ്വരൂപിച്ച പണമാണ് ചിട്ടിയില്‍ നിക്ഷേപിച്ചത്. ചിലര്‍, ദിവസക്കൂലിയില്‍ നിന്ന് നല്ലൊരു ഭാഗം ചിട്ടിയില്‍ അടച്ചു. പക്ഷേ, ഉടമകള്‍ ഇടപാടുകാരെ വഞ്ചിച്ച് മുങ്ങി. പറവൂര്‍ സ്വദേശികളാണ് ചിട്ടിക്കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഇവര്‍ ഒളിവിലാണ്. 

രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുവായിരത്തിയഞ്ഞൂറോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തുടരന്വേഷണം ലോക്കല്‍ പൊലീസിന് സാധ്യമല്ലാത്തതിനാല്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്കു റിപ്പോര്‍ട്ടു നല്‍കി. ചിട്ടി കമ്പനി ഉടമകള്‍ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് സൂചന. ഭൂ സ്വത്തുക്കളും മറ്റുള്ള ബന്ധുക്കളുടെ പേരുകളിലേക്ക് മാറ്റിയതായി സൂചനയുണ്ട്. 

തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ദിവസവും പരാതികള്‍ പ്രവഹിക്കുകയാണ്. ഉടമകള്‍ക്ക് എതിരെ ചിത്രം പതിച്ചുള്ള ലുക്ക് ഔട്ട് നോട്ടിസ് ഉടന്‍ പുറത്തിറക്കും. ഉടമകളുടെ സ്വത്തുവിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. ഓഫിസുകളും റെയ്ഡ് ചെയ്തു. നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.