ഒരൊറ്റ ചാട്ടം, കൈ നിറയെ സ്വർണം; ‘സ്പൈഡര്‍മാന്‍’ അഥവാ ഷാജി; ഒടുവിൽ പിടിയിൽ

ഓടിവന്ന് ഒന്നുയര്‍ന്ന് പൊങ്ങിയാല്‍ ആദ്യനിലയിലെത്തും. അവിടെ നിന്ന് നിമിഷനേരം കൊണ്ട് രണ്ടും മൂന്നും അങ്ങനെ എത്ര നില വേണമെങ്കിലും കയറും. പറക്കാനുള്ള ശേഷിയില്ലെങ്കിലും പണി തുടങ്ങിയാല്‍പ്പിന്നെ ഷാജി സ്പൈഡര്‍മാനാണ്. കണ്ണാടിക്കല്‍ ഷാജിയെന്ന് വിളിപ്പേരുണ്ടെങ്കിലും സ്പൈഡര്‍മാനെന്ന് അറിയപ്പെടാനാണ് താല്‍പര്യം. 

വഴിപോക്കനെപ്പോലെ പകല്‍സമയം പരിചയമില്ലാത്ത വീടുകള്‍ക്ക് സമീപം ഷാജിയെത്തും. വഴിയും വിവരങ്ങളും കണ്ട് മനസിലാക്കിയാല്‍ രാത്രി പന്ത്രണ്ടിന് ശേഷം പണി തുടങ്ങും. പുലരും മുന്‍പ് ദൗത്യം പൂര്‍ത്തിയാക്കി ഷാജി സ്വന്തം വീട്ടിലേക്ക് മടങ്ങും. എത്ര ഉയരത്തിലേക്കും വേഗത്തില്‍ കയറാനുള്ള ഷാജിയുടെ മിടുക്കാണ് സ്പൈഡര്‍മാനെന്ന പേര് സമ്മാനിച്ചത്. പിന്‍വാതില്‍ പൊളിക്കുന്നതിന് പകരം പഴുതുണ്ടെങ്കില്‍ രണ്ടാംനിലയിലൂടെ ശബ്ദമുണ്ടാക്കാതെ കയറി നേരിട്ട് മുറിയിലിറങ്ങും. അകത്ത് നിന്ന് പതിയെ താഴ് നീക്കി തയാറായി നില്‍ക്കും. കവര്‍ച്ചക്കിടയില്‍ ഏതെങ്കിലും ശബ്ദം കേട്ടാല്‍ വേഗത്തില്‍ പുറത്തിറങ്ങി രക്ഷപ്പെടാനുള്ള വഴികളെല്ലാം ഷാജി തയാറാക്കും. പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വര്‍ണവും കട്ടെടുത്ത് മടങ്ങും. കയറിയാല്‍ ആയിരത്തില്‍ കുറയാത്ത സാധനം കിട്ടണമെന്നാണ് ഷാജിയുടെ ആഗ്രഹം. കവര്‍ച്ചക്കിടയില്‍ ഒരിടത്തും വിരലടയാളം പതിയാതിരിക്കാന്‍ രണ്ടു കൈയ്യിലും തോര്‍ത്ത് ചുറ്റിയാണ് കവര്‍ച്ച. ആരെയും കൂടെക്കൂട്ടാതെ ഒറ്റയ്ക്കാണ് ഷാജിയുടെ യാത്രയും കവര്‍ച്ച കഴിഞ്ഞുള്ള മടക്കവും. കവര്‍ച്ചയിലൂടെ സ്വന്തമാക്കുന്ന സാധനങ്ങള്‍ പതിവായി കൈമാറുന്ന ചില ആക്രിക്കച്ചവടക്കാരും ജ്വല്ലറി ഉടമകളുമുണ്ടായിരുന്നു. 

ഒരാഴ്ചക്കാലം നല്ലനടപ്പ്, ആരെങ്കിലും കൈനീട്ടിയാല്‍ വാരിക്കോരി സഹായം 

കവര്‍ച്ചയുടെ പേരില്‍ ഇരുപതാം വയസില്‍ തുടങ്ങി പലതവണ ഷാജി ജയില്‍ശിക്ഷ അനുഭവച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍പ്പിന്നെ ആദ്യം മാന്യമായി നടക്കും. പൊലീസ് ശ്രദ്ധയുണ്ടെന്നറിയാവുന്നതിനാല്‍ കൂടുതലും വീട്ടില്‍ത്തന്നെയുണ്ടാകും. പിന്നീട് പിടിച്ചാലും കുഴപ്പമില്ലെന്ന മട്ടില്‍ രണ്ടും കല്‍പ്പിച്ച് പണി തുടങ്ങും. ഒന്നോ രണ്ടോ കവര്‍ച്ചയിലൂടെ ഒരുമാസം നന്നായി കഴിയാനുള്ളതെല്ലാം സമ്പാദിക്കും. കയ്യില്‍ എത്ര പണമുണ്ടെങ്കിലും കാണുന്നവര്‍ക്ക് ഷാജി പാപ്പരെന്നേ തോന്നൂ. എന്നാല്‍ ആരെങ്കിലും സങ്കടം പറഞ്ഞാല്‍ കൈയ്യിലുള്ളതില്‍ നിന്ന് നല്ലൊരു തുക അവര്‍ക്ക് കൈമാറി ഷാജി സുമനസിനുടമയായി മാറും. 

കോടാലി, മണ്‍വെട്ടി, പപ്പടക്കുത്തി, തറ തുടയ്ക്കാനുള്ള കമ്പ് 

കവര്‍ച്ചയ്ക്കെത്തുന്ന സ്ഥലത്തേക്ക് ഒരു സാധനവും ഷാജി കൊണ്ടുവരാറില്ല. ടെറസിന് മുകളിലൂടെ കയറാന്‍ കഴിയുന്നതാണെങ്കില്‍ അങ്ങനെ. അതല്ലെങ്കില്‍ ജനല്‍പ്പാളി തുറന്ന് പിന്‍വാതിലിന്റെ കുറ്റിയെടുക്കാനുള്ള ലളിതമായ മാര്‍ഗം തേടും. ഇതിന് കോടാലിയില്‍ തുടങ്ങി പപ്പടക്കുത്തി വരെ ആയുധമാക്കും. അതാണ് ഷാജി സ്റ്റൈല്‍. ബര്‍മുഡയ്ക്ക് മുകളില്‍ മുണ്ട് മാത്രം. ഷര്‍ട്ടിന്റെ ബട്ടണ്‍സും ഇളക്കിയിട്ടിരിക്കും. അപകട സൂചനയുണ്ടായാല്‍ ഇതെല്ലാം വേഗത്തില്‍ രക്ഷപ്പെടാനുള്ള പഴുതായാണ് ഷാജി കാണുന്നത്.   

നല്ലളത്തെ വീട്ടില്‍ നായയെ ഉറക്കിയത്

നല്ലളത്തെ വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറുമ്പോള്‍ ഓടിനടക്കുന്ന നായയെക്കണ്ടു. കയ്യിലുണ്ടായിരുന്ന ബോണ്ട പതിയെ എറിഞ്ഞുകൊടുത്തു. ബോണ്ടയില്‍ മയക്കുഗുളിക ചേര്‍ത്തിരുന്നതിനാല്‍ അരമണിക്കൂറിനുള്ളില്‍ നായ മയങ്ങി. പിന്നാലെ അടുക്കളയോട് ചേര്‍ന്നുണ്ടായിരുന്ന തെങ്ങ് വഴി മുകളില്‍ കയറി. കാറ്റ് കയറാന്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് വിടവിലൂടെ ഷാജി സിംപിളായി അകത്ത് കയറി. കവര്‍ച്ച പൂര്‍ത്തിയാക്കി അടുക്കളവാതിലിലൂടെ പുറത്തേക്കിറങ്ങി. പകല്‍സമയങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളിലെ വീടുകള്‍ കണ്ടുവയ്ക്കുന്നത് കവര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്. നായയുടെ സാന്നിധ്യമുണ്ടോ എന്നതാണ് ആദ്യമായി പരിശോധിക്കുന്നത്. നായ ഇല്ലെന്ന് ഉറപ്പിച്ചാല്‍ ആ വീട്ടില്‍ കയറിയിരിക്കും. നല്ലളം, പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് വീടുകളില്‍ നിന്ന് ഷാജി പലതും കവര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. 

വീട് നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ടത് 

മുകള്‍ നിലയില്‍ വായുകടക്കാന്‍ പാകത്തില്‍ തയാറാക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലെ വിള്ളല്‍ കള്ളന് വേഗത്തില്‍ അകത്ത് കയറാനുള്ള വഴിയാണ്. വായു പുറത്തേക്ക് കടക്കാനായി കുളിമുറിയില്‍ ഫാന്‍ സ്ഥാപിക്കാനായി മാറ്റിവയ്ക്കുന്ന സ്ഥലം, കണ്ണാടി സ്ഥാപിച്ചുള്ള സുരക്ഷാവഴി തുടങ്ങിയവയെല്ലാം വേഗത്തില്‍ മറികടന്ന് കള്ളന് അകത്തുകയറാനുള്ള മാര്‍ഗമാണ്. വായുകടക്കാനുള്ള കോണ്‍ക്രീറ്റ് വഴിയൊരുക്കുന്നുണ്ടെങ്കില്‍ അവിടെ ആള് കടക്കാതിരിക്കാന്‍ കമ്പി ഉറപ്പിച്ച് സംരക്ഷിക്കുക. 

അതോടൊപ്പം വാതിലുകളില്‍ കമ്പികൊണ്ടുള്ള ക്രോസ് ബാര്‍ പാളിചേര്‍ത്ത് ഉറപ്പിക്കുക. പുത്തന്‍വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ നിര്‍ബന്ധമായും നല്ല ഗുണനിലവാരമുള്ള സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക. വീട് പൂട്ടി ഒന്നില്‍ക്കൂടുതല്‍ ദിവസം ദൂരേയ്ക്ക് പോകുകയാണെങ്കില്‍ പൊലീസ് സ്റ്റേഷനലില്‍ നിര്‍ബന്ധമായും അറിയിക്കുക.  ഇത്തരത്തില്‍ ശ്രദ്ധയുണ്ടെങ്കില്‍ പരമാവധി കവര്‍ച്ച തടയാനുള്ള വഴിയാണ്. കരുതിയിരിക്കുക സ്പൈഡര്‍മാന് സമാനമായ കണ്ണാടിക്കല്‍ ഷാജിമാര്‍ നാട്ടില്‍ ഇനിയും ഏറെയുണ്ട്.............