അവൻ എന്തിനിത് ച‌െയ്ത‌െന്ന് ഇനിയും അറിയില്ല; വിതുമ്പിക്കൊണ്ട് ആ അച്ഛന്റെ വാക്കുകൾ

പത്തനംതിട്ട : 'അവൻ എന്തിനിത് ച‌െയ്ത‌െന്ന് ഇനിയും മനസിലായിട്ടില്ല, അവന് കിട്ടിയത് അർഹിക്കുന്ന ശിക്ഷ തന്നെ'. സ്വന്തം സഹോദരനാൽ കൊല്ലപ്പെട്ട 2 മക്കളു‌ടെ അച്ഛന്റെ നൊമ്പരപ്പെടുത്തുന്ന വാക്കുകളാണിത്. കേസിലെ ശിക്ഷാവിധി കേട്ട ശേഷം കൊല്ലപ്പെട്ട മെബിന്റെയും മെൽബിന്റെയും അച്ഛൻ മാത്യു ചാക്കോയാണ് (ഷൈബു) കോടതി മുറ്റത്ത് വിതുമ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്. വിധിയിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു

‘കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം. വെറുതെവിട്ടാൽ മറ്റുള്ളവർക്കു പാഠമാകില്ല. മനഃസാക്ഷിയെ നടുക്കുന്ന ക്രൂരത കാട്ടിയിട്ടും ഷിബുവിനു പശ്ചാത്താപമില്ല. ആർക്കും ഈ അവസ്ഥയുണ്ടാവരുത‌െന്നാണ് പ്രാർത്ഥന. എന്തിനിത് ചെയ്തുവെന്ന് അവനോട് തന്നെ ചോദിക്കണമെന്നുണ്ടായിരുന്നു, അതിന് കഴിഞ്ഞില്ല. അവന് വീട് വാങ്ങാനും വാഹനം വാങ്ങാനും ആവശ്യപ്പെട്ടപ്പോൾ തന്നെ പണം നൽകി. വസ്തു വീതം വയ്ക്കുന്നതിനും സമ്മതിച്ചിരുന്നു. ഒരിക്കൽ സുഖമില്ലാതെ നാട്ടിലെത്തിയപ്പോൾ ഇത്രയും കാലം വീട്ടിൽ കഴിഞ്ഞതിന്റെ വാ‌ടക കൊടുത്തിട്ട് ഇറങ്ങി പോകാനാണ് ഇളയമകനായ തന്നോട് സഹോദരൻ പറഞ്ഞതെന്നും മാത്യുസ് ഓർക്കുന്നു. തങ്ങൾ മാതാപിതാക്കൾക്ക് ഒപ്പം ഒരുമിച്ചു കഴിഞ്ഞു വന്നതാണ്. പിന്നീ‌ട് അവർ വാടകയ്ക്ക് വീടെടുത്തു മാറുകയായിരുന്നു. മാതാപിതാക്കളെ നോക്കാനാവില്ലെന്നാണ് കാരണം പറഞ്ഞത്.

കൊലപാതകങ്ങൾ നടക്കുമ്പോൾ ഷൈബു ദുബായിലായിരുന്നു. ഭാര്യ ബിന്ദുവും മക്കളും കുടുബവീട്ടിൽ ഷൈബുവിന്റെ പിതാവ് എം.ജെ. ചാക്കോയ്ക്കും (ജെയിംസ്) മാതാവ് ഏലിക്കുട്ടിക്കും ഒപ്പമായിരുന്നു താമസം

സംഭവത്തിനു ശേഷം നാട്ടിലെത്തിയ ഷൈബു പിന്നീട് മടങ്ങിയില്ല. മലർവാടി പിഐപി നീർപ്പാലത്തിനു സമീപം പുതിയ വീട് നിർമിച്ചാണ് ബിന്ദുവിനൊപ്പം താമസിക്കുന്നത്. സ്വന്തം ഓട്ടോ ഓടിക്കുകയാണ്. പശു വളർത്തലുമുണ്ട്. റാന്നി ഇട്ടിയപ്പാറയിലെ ബ്യൂട്ടി പാർലറിൽ ബ്യൂട്ടീഷ്യനാണ് ബിന്ദു

കോഴിയെ കൊല്ലാൻ പോലും ഭയമുള്ള ഷിബു എങ്ങനെ ഈ ക്രൂരത ചെയ്തെന്നാണ് മാതാവ് ഏലിക്കുട്ടിയുടെ ചോദ്യം. സ്വത്തു തർക്കമൊന്നുമില്ലെന്നു പിതാവ് ജയിംസ് പറയുന്നു. കുടുംബവീടും സ്ഥലവും 2009ൽ ഷിബുവിന്റെ പേരിൽ എഴുതി നൽകിയതാണ്. ആരെങ്കിലും ഷിബുവിനെ കരുവാക്കിയതാണോയെന്നു പിതാവിനും ഷൈബുവിനും സംശയമുണ്ട്.

ഷിബുവിന്റെ ഭാര്യയും കുട്ടികളും മുംബൈയിലാണ്. കൊലപാതകം നടക്കുമ്പോൾ ഷിബുവുമൊത്ത് കീക്കൊഴൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന അവർ പിന്നീട് നാട്ടിലേക്കു വന്നിട്ടില്ല.