കോതമംഗലം നഗരസഭയില്‍ ഓവര്‍സിയറെ കൗണ്‍സിലര്‍ മര്‍ദിച്ചെന്ന് പരാതി

കോതമംഗലം നഗരസഭയില്‍ ഓവര്‍സിയറെ കൗണ്‍സിലര്‍ മര്‍ദിച്ചെന്ന് പരാതി . വീടിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത് .എന്നാല്‍ ഓവര്‍സിയറെ മര്‍ദിച്ചിട്ടില്ലെന്നാണ് ആരോപണ വിധേയനായ കൗണ്‍സിലറുടെ വിശദീകരണം.

കോതമംഗലം നഗരസഭയിലെ ഓവര്‍സിയറായ വര്‍ഗീസാണ് പരാതിക്കാരന്‍ .ഷമീര്‍ പനയ്ക്കല്‍ എന്ന കൗണ്‍സിലര്‍ തന്നെ മര്‍ദിച്ചെന്ന് വര്‍ഗീസ് ആരോപിക്കുന്നു.  പുതുപ്പാടിയില്‍ പുതുതായി നിര്‍മിച്ച വീടിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്നോടിയായി പരിശോധന നടത്താന്‍ പോയെന്നും എന്നാല്‍ വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ പരിശോധന നടത്താന്‍ കഴിയാതെ തിരിച്ചുവരുകയും ചെയ്തെന്നും ഇക്കാര്യം വിശദീകരിക്കുന്നതിനിടെ ഷമീര്‍ മര്‍ദിക്കുകയായിരുന്നെന്നും വര്‍ഗീസ് പറയുന്നു.

എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നാണ് ഷമീറിന്‍റെ വിശദീകരണം. അപേക്ഷ നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും വീടിന് നമ്പരിട്ടു നല്‍കാത്തത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ഷമീര്‍ പറയുന്നു. 

സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലം നഗരസഭയിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തി പ്രതിഷേധിച്ചു.