നാലംഗ നായാട്ടുസംഘം വനപാലകരുടെ പിടിയിൽ

ദേവികുളത്ത് നാലംഗ നായാട്ടുസംഘം വനപാലകരുടെ പിടിയില്‍.  കള്ളത്തോക്കും വേട്ടയാടിയ മുള്ളന്‍പന്നിയുടേയും, മ്ലാവിന്റേയും ഇറച്ചിയും കണ്ടെടുത്തു. പിടിയിലായത് ഹൈറേഞ്ചിലെ  പ്രധാന നായാട്ടു സംഘമെന്ന് വനപാലകര്‍ പറഞ്ഞു.  

ദേവികുളം ഓഡികെ എസ്റ്റേറ്റിൽ നിന്നുമാണ് വേട്ടയാടിയ ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ സംഘം വനപാലകരുടെ പിടിയിലായത്. ദേവികുളം മേഖലയില്‍  വന്യമൃഗവേട്ട നടത്തുന്ന സംഘം സജീവമാണെന്ന രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ വനപാലക സംഘം നിരീക്ഷിച്ച് വരികയായിരുന്നു. 

വനപാലകരെ കണ്ട നായാട്ടു സംഘം തെയിലക്കാട്ടില്‍ ഒളിച്ചു തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് സംഘത്തെ പിടികൂടിയത്. സൊസൈറ്റിമേട് സ്വദേശികളായ പാലക്കാടന്‍ ബാബു, പാറപ്പുറത്ത് മത്തച്ചന്‍, നിരവത്ത് അനീഷ്, നെടുമ്മന്‍കുഴി ജോര്‍ജ്ജ് എന്നിവരാണ് പിടിയിലായത്.  മുള്ളന്‍ പന്നിയേയും അമ്പത് കിലോയോളം വരുന്ന മ്ലാവിറച്ചിയും ഒരു നാടന്‍തോക്കും ആയുധങ്ങളും കണ്ടെത്തി. 

പ്രതികളെ കോടതിയില്‍ ഹാജരാക്കും. ‌‌