കഞ്ചാവുമായി യുവാവ് പിടിയിൽ; 600 ഗ്രാം 1.300 കിലോ ആയതെങ്ങനെ? പൊരുത്തക്കേട്

കഞ്ചാവ് കടത്തിന് അറസ്റ്റിലായ യുവാവിന്റെ കൈയ്യില്‍ നിന്ന് പിടികൂടിയതിന്റെ ഇരട്ടിയിലധികം ലഹരി കണ്ടെത്തിയെന്ന് പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന് പരാതി. കഴിഞ്ഞദിവസം കോഴിക്കോട് കസബ പൊലീസ് പിടികൂടിയ പയ്യാനക്കല്‍ സ്വദേശി അഭിനാസിന്റെ ബന്ധുക്കളാണ് ആക്ഷേപമുന്നയിച്ചത്. പൊലീസിന് പിഴവുണ്ടായിട്ടില്ലെന്നും കൃത്യമായ തെളിവുകളോടെയാണ് അഭിനാസിനെ പിടികൂടിയതെന്നും കസബ പൊലീസ് അറിയിച്ചു.  

കഴിഞ്ഞദിവസമാണ് നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി അഭിനാസിനെ പൊലീസ് പിടികൂടിയത്. ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് കൈയ്യിലുണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. മാല മോഷണമുള്‍പ്പെടെ മറ്റ് നിരവധി കവര്‍ച്ചാക്കേസിലും ഇയാള്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് പറയുന്നതില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് അഭിനാസിന്റെ ഭാര്യാപിതാവിന്റെ പരാതി. 

പിടിയിലാകുമ്പോള്‍ അഭിനാസിന്റെ കൈയ്യില്‍ അറുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളോട് പൊലീസ് പറഞ്ഞത്. പിന്നീട് രേഖകളില്‍ അത് ഒരു കിലോ മുന്നൂറ് ഗ്രാമായി മാറി. കൈയ്യിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം അളവ് കഞ്ചാവുണ്ടെന്ന് രേഖപ്പെടുത്തി. മറ്റൊരു കടത്തുകാരനെ രക്ഷിക്കാന്‍ അഭിനാസിനെ പൊലീസ് പ്രതിയാക്കിയെന്നും ഇവര്‍ പറയുന്നു. 

ആക്ഷേപത്തില്‍ അടിസ്ഥാനമില്ലെന്ന് കസബ പൊലീസ് വ്യക്തമാക്കി. അഭിനാസിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പിടിയിലാകുമ്പോള്‍ ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവാണ് കൈയ്യിലുണ്ടായിരുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും ലഹരി കൈമാറിയിരുന്നവരില്‍ നിന്ന് ലഭിക്കുന്ന മൊഴിയും സമാനരീതിയിലുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി.