മദ്യപിച്ചെത്തി ഉപദ്രവം; മകനെ അമ്മ തലക്കടിച്ചുകൊന്നു

തമിഴ്നാട് തഞ്ചാവൂരില്‍ അമ്മ മകനെ തലക്കടിച്ചുകൊന്നു. മദ്യപിച്ചുവന്ന്  ശല്യം ചെയ്യുന്നത് അസഹനീയമായതിനെ തുടര്‍ന്നാണ് കൊല ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തി അമ്മ മാരിയമ്മ കീഴടങ്ങി.

തഞ്ചാവൂരിലെ തിരുവിടൈമരുതൂരിലെ വേപ്പത്തൂരിലാണ് സംഭവം. ദിവസവും മദ്യപിച്ചെത്തി ഉപദ്രവിച്ച മകന്‍ കറുപ്പയ്യനെയാണ് അമ്മ മാരിയമ്മ കൊലപ്പെടുത്തിയത്. എല്ലാ ദിവസവും വീട്ടില്‍ ബഹളമുണ്ടാക്കുകയും മാരിയമ്മയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. കറുപ്പയ്യന്‍റെ ഉപദ്രവം കൂടിയപ്പോള്‍ ബന്ധുക്കളോടും നാട്ടുകാരോടും അമ്മ പരാതിപ്പെട്ടു. 

ഇതറിഞ്ഞ കറുപ്പയ്യന്‍ ഇന്നലെ രാത്രിയും വീട്ടിലെത്തി ബഹളം വച്ചു. അസഹനീയമായതിനെ തുടര്‍ന്ന് വീടിന്‍റെ പിന്നില്‍ നിന്നും കല്ലെടുത്ത് കൊണ്ടുവന്ന് തലക്കടിക്കുകയായിരുന്നു. കറുപ്പയ്യന്‍ ചോര വാര്‍ന്ന് മരിച്ചു. ഏറെ നേരത്തിന് ശേഷം തിരുവിടൈമരുതൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മാരിയമ്മ കീഴടങ്ങുകയായിരുന്നു. കറുപ്പയ്യന്‍റെ മദ്യപാനം കാരണം ഭാര്യ നേരത്തെ  സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മദ്യപിച്ചെത്തി വീട്ടുകാരെയടക്കം അക്രമിക്കുന്ന സംഭവങ്ങള്‍ തമിഴ്നാട്ടില്‍ കൂടി വരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.