പൊതുവഴിയിൽ മദ്യപാനം ചോദ്യം ചെയ്ത നാട്ടുകാര്‍ക്കു നേരെ ആക്രമണം

പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്ത നാട്ടുകാര്‍ക്കു നേരെ മദ്യപസംഘത്തിന്‍റെ  ആക്രമണം . നാട്ടുകാരെ മര്‍ദിച്ച മദ്യപസംഘം വീടുകളും വാഹനങ്ങളും എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. കോതമംഗലം ആയക്കാട്ട് അക്രമം നടത്തിയ ആറംഗ സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം ആയക്കാട് പുലിമല കനാല്‍പ്പാലത്തിനടുത്തായിരുന്നു മദ്യപ സംഘത്തിന്‍റെ അഴിഞ്ഞാട്ടം. കനാല്‍പ്പാലത്തിലിരുന്നുളള പരസ്യ മദ്യപാനം നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങിപ്പോയ മദ്യപ സംഘം അരമണിക്കൂറിനുളളില്‍ തിരികെയെത്തി നാട്ടുകാരെ അക്രമിക്കുകയായിരുന്നു.കല്ലേറിലും വടി കൊണ്ടുളള ആക്രമണത്തിലും ‌ നാട്ടുകാരായ ജോസ്,ഷൈനി,അമല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ജോസിന്‍റെ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന വാഹനത്തിന്‍റെ ഗ്ലാസും എറി‍ഞ്ഞു പൊട്ടിച്ചു.

അക്രമി സംഘത്തിലുണ്ടായിരുന്ന വിമല്‍,അമല്‍ജിത്ത്,സച്ചു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റ് മൂന്നു പേര്‍ക്കായി  അന്വേഷണം തുടരുകയാണ്.