ചന്ദനമരം മോഷ്ടിച്ച് വില്‍പന; രണ്ട് കാവല്‍ക്കാരുള്‍പ്പടെ നാലു പേര്‍ പിടിയിൽ

മറയൂരില്‍ ചന്ദനമരം മോഷ്ടിച്ച്  വില്‍പന നടത്തിയ രണ്ട് കാവല്‍ക്കാരുള്‍പ്പടെ  നാല് പേര്‍ പിടിയില്‍. വനംവകുപ്പിന്റെ താല്‍ക്കാലിക ജോലിക്കാരാണ് മോഷ്ടാക്കളെ സഹായിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പയസ്‌നഗര്‍ അമ്പലപ്പാറയില്‍ നിന്ന് ചന്ദനം മോഷ്ടിച്ച പയസ്‌നഗര്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയിലെ  താല്‍കാലിക കാവല്‍ക്കാരന്‍ പരമശിവം, മുരുകന്‍, ചെല്ലദുര, ബാബു, എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. നവംബര്‍ മാസം 18 ാം തീയതി കാറിനുള്ളിലെ രഹസ്യ അറയില്‍ ചന്ദനം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ചിന്നാര്‍ അതിര്‍ത്തി പിടിയിലായ പ്രതിയില്‍നിന്നാണ് വനംവകുപ്പിന് വിവരങ്ങള്‍ ലഭിച്ചത്. അന്ന് പരിശോധനക്കിടെ 85 കിലോ ചന്ദനവും കണ്ടെത്തിയിരുന്നു. ചെല്ലദുര മുന്‍പ് ഇവിടെ താത്കാലിക വാച്ചറായി ജോലിചെയ്യുന്നതിനിടെ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായി പിരിച്ച് വിട്ടിരുന്നു.

ചന്ദന റിസര്‍വിന് സമീപമുള്ള ഇയാളുടെ വീട്ടിലേക്ക് കടക്കനായി വനംവകുപ്പ് അനുവദിച്ച ഗെയ്റ്റ് തുറന്ന് നല്‍കിയാണ് ചന്ദനമരം  റിസര്‍വിനുള്ളില്‍ നിന്ന് പുറത്തെത്തിക്കാന്‍ സഹായിച്ചത്. റെയ്ഞ്ച് ഓഫീസര്‍  അരുണ്‍ മഹാരാജ, എസ്എഫ്ഒമാരായ ബിജു, സുരേന്ദ്രന്‍, എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.