മലപ്പുറത്ത് മാലിന്യം തള്ളുന്ന സംഘത്തെ നാട്ടുകാർ പിടികൂടി

മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ പാതയോരങ്ങളിലും പുഴയിലും മാലിന്യം തളളുന്ന സംഘം പിടിയില്‍. കൂരാട് പുഴയോരത്ത് മാലിന്യം തളളുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.

ഒരു മാസത്തിലേറെയായി പൊട്ടിക്കുണ്ടിലെ സ്വകാര്യഭൂമിയില്‍ എത്തിച്ച് പുഴയോരത്ത് മാലിന്യം തളളുന്നുണ്ട്. സ്വകാര്യ ഭൂവുടമയുടെ പിന്തുണയോടെയാണ് മാലിന്യമിട്ടിരുന്നത്. ലോറി ഉടമ നിലമ്പൂര്‍ വഴിക്കടവ് സ്വദേശി എരഞ്ഞിയില്‍ റഫീഖ് ലോറി സഹിതം പിടിയിലായി. അസഹ്യമായ ദുര്‍ഗന്ധംമൂലം കാലങ്ങളായി നാട്ടുകാര്‍ പ്രയാസത്തിലായിരുന്നു. ജലസ്രോതസുകള്‍ മലിനമാവുന്നതും പ്രതിസന്ധിയിലാക്കി. പലവട്ടം പരാതിപ്പെട്ടെങ്കിലും മാലിന്യം തളളി രക്ഷപ്പെടുന്ന സംഘത്തെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 

ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന പുഴയോരത്താണ് മാലിന്യം തളളിയിരുന്നത്. ഭൂവുടമയുടെ അനുമതിയുണ്ടെങ്കില്‍ എവിടേയും മാലിന്യമിടാമെന്ന വാദഗതിയുമായി സ്ഥല ഉടമയും ലോറി ഉടമയും രംഗത്തെത്തിയത് പ്രശ്നങ്ങള്‍ക്കിടയാക്കി. ജലസ്രോതസ് മലിനമാക്കിയതിനടക്കം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മാലിന്യമെത്തിച്ച ലോറിയും കസ്റ്റഡിയിലെടുത്തു.