തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു; കൊടുത്തയച്ചയാളുടെ വീട്ടുവളപ്പിലെത്തിച്ച് കുഴിച്ചിട്ടു

അങ്ങാടിപ്പുറം: പൊതുസ്ഥലത്ത് തള്ളിയ മാലിന്യം നാട്ടുകാർ തിരിച്ചെടുപ്പിച്ചു. മാലിന്യം കൊടുത്തയച്ചയാളുടെ വീട്ടുവളപ്പിലെത്തിച്ച് കുഴിച്ചിട്ടു. അങ്ങാടിപ്പുറം മേൽപാലത്തിനു താഴെ കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് മാലിന്യ ചാക്കുകൾ തള്ളിയത്. മാലിന്യം ഇടുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിന് താഴെയായിരുന്നു ചാക്കുകൾ.

വാർഡ് അംഗം കെ.ടി.നാരായണന്റെ നേതൃത്വത്തിൽ സമീപവാസികൾ മാലിന്യച്ചാക്കുകൾ അഴിച്ച് പരിശോധിച്ചപ്പോൾ അത്  എവിടെ നിന്നെത്തിച്ചതാണെന്ന സൂചനകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം ഒരു സ്വകാര്യ ക്വാർട്ടേഴ്‌സിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. പഞ്ചായത്തംഗം പൊലീസിൽ പരാതിയും നൽകി. സംഭവം പുറത്തറിഞ്ഞതോടെ ക്ഷമാപണം നടത്തി മാലിന്യം തങ്ങൾ തന്നെ നീക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

കീഴാറ്റൂരിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയും തൂത സ്വദേശിയും ചേർന്നാണ് ക്വാർട്ടേഴ്‌സിൽ നിന്ന് 1500 രൂപ കൂലിയും വാഹന വാടകയും വാങ്ങി മാലിന്യം കൊണ്ടു പോയതെന്ന് ക്വാർട്ടേഴ്‌സ് ഉടമ പറഞ്ഞു. മാലിന്യം നിറച്ച 4 ചാക്കുകൾ മേൽപാലത്തിനു താഴെയും മൂന്നെണ്ണം പെരിന്തൽമണ്ണയിലും തള്ളിയതായി ഇവർ സമ്മതിച്ചു. 

നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇവർ തന്നെ മാലിന്യം തിരിച്ചെടുത്ത് ക്വാർട്ടേഴ്‌സ് ഉടമയുടെ വീട്ടിലേക്ക് കൊണ്ടു പോയി. ജൈവ മാലിന്യങ്ങൾ പറമ്പിൽ കുഴിച്ചിട്ടു. പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കഴുകി ചാക്കിലാക്കി വച്ചു. ഇത് ഹരിത കർമ സേനയ്‌ക്ക് കൈമാറും. 2000 രൂപ പിഴയും ചുമത്തി.