ജനവാസകേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളൽ; നടപടിയില്ല

കൊച്ചി ഇടപ്പള്ളിയില്‍ ദേശീയപാതയ്ക്ക് സമീപമുള്ള കാനയില്‍ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ടാങ്കര്‍ ലോറികളിലെത്തിക്കുന്ന ലോഡുകണക്കിന് മാലിന്യം പൊതുസ്ഥലത്ത് തള്ളിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നുമില്ല. 

അ‍ഞ്ചുമനയ്ക്കും ഇടപ്പള്ളി ജംക്‌ഷനും ഇടയിലാണ് ഈ മാലിന്യം തള്ളല്‍. ജനവാസകേന്ദ്രത്തില്‍ രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കക്കൂസ് മാലിന്യം നീക്കാന്‍ കരാറെടുക്കുന്നവര്‍ സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കാതെ കാനയില്‍ തള്ളുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നാലുമാസമായി ഇത് പതിവാണ്. ദേശീയപാതയ്ക്ക് അടിയിലെ വലിയ പൈപ്പിലൂടെ ഇടപ്പള്ളി തോട്ടിലേക്ക് മാലിന്യം ഒഴുകിപ്പോകുമെന്നതാണ് ഇവിടെ മാലിന്യം തള്ളാന്‍ കാരണം. ദുര്‍ഗന്ധംമൂലം നാട്ടുകാര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഗുണ്ടകളുടെ പിന്‍ബലത്തോടെ എത്തുന്ന സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ക്കും പേടിയാണ്. കൊച്ചി കോര്‍പറേഷനില്‍ അറിയിച്ചെങ്കിലും കുറച്ച് ബ്ലീച്ചിങ് പൗഡര്‍ വാരിയിട്ടശേഷം അവര്‍ സ്ഥലംവിട്ടു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.