കൊച്ചി ബാറിലെ വെടിവെപ്പ്; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്; ഫൊറൻസിക് വിദഗ്ധരെത്തും

എറണാകുളം കുണ്ടന്നൂരിലെ ബാർ വെടിവപ്പ് കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.  അഭിഭാഷകൻ ഹറോൾഡ് ജോസഫ്,  സുഹൃത് ഹാറോൺ പോൾ എന്നിവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. വെടിവെപ്പ് നടന്ന ബാറിൽ ബാലിസ്റ്റിക് വിദഗ്ധരുടെ നേതൃത്വത്തിൽ തെളിവെടുക്കും. 

വെടിവെപ്പുണ്ടായ ഓജീസ് കാന്താരി ബാറിലെ  ജീവനക്കാരന്റെ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. സംഭവം നടന്നത് നാല് മണിക്കാണെന്നും പരാതി ലഭിച്ചത് രാത്രി ഏഴേമുക്കാലിനാണെന്നു എഫ്ഐആറിൽ വ്യക്തം. വധശ്രമത്തിന് പുറമെയാണ് ജാമ്യം ലഭിക്കാത്ത ആയുധ നിയമത്തിലെ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയത്. ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രതികൾ തോക്കും തിരയും ഉപയോഗിച്ചതെയി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തെങ്കിലും മദ്യലഹരിയിൽ ആയതിനാൽ ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 

തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു. അഭിഭാഷണകന്റേതാണ് തോക്കെന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ തോക്ക് വധശ്രമ കേസുകളിൽ ഉൾപ്പടെ പ്രതിയായ ഹാറോണിന്റെ കയ്യിൽ എത്തിയതും വെടി ഉതിർക്കാനുണ്ടായ സാഹചര്യവുമാണ് പൊലീസ് പരിശോധിക്കുന്നത്. ഫൊറൻസിക് സംഘത്തിന് പുറമെ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷം പ്രതികളെ ബാറിലെത്തിച്ച തെളിവെടുക്കും. ബാറിലെ താപ്പാനയെന്ന ലോക്കൽ ബാറിലായിരുന്നു വെടിവെപ്പ്. വിവരം മണിക്കൂറുകളോളം മറച്ചുവെച്ച ബാർ ജീവനക്കാരുടെ നടപടിയും ദുരൂഹമാണ്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. മറ്റെന്തെങ്കിലും ഇടപാടുകൾ മറക്കാനാണോ താമസം വരുത്തിയതെന്ന സംശയവും പൊലീസിനുണ്ട്. 

police to register attempt to murder case in bar shooting at kochi