ചെമ്പ്ര ഇക്കൊ ടൂറിസം ഫണ്ട്‌ തിരിമറി; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

wayanadtourism
SHARE

വയനാട് ചെമ്പ്ര ഇക്കൊ ടൂറിസം ഫണ്ട്‌ തിരിമറിയിൽ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ചെമ്പ്രയുടെ ചുമതലയുള്ള വനസംരക്ഷണ സമിതിയിലെ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം CCFന് സമർപ്പിക്കും

ചെമ്പ്ര കൊടിമുടി ട്രക്കിങ്ങിൽ നിന്നുള്ള വരുമാനം ബാങ്കിൽ നിക്ഷേപിക്കാതെ 16 ലക്ഷം രൂപയുടെ തിരിമറി വനസംരക്ഷണ സമിതിയിലെ ജീവനക്കാർ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാൻ നോർത്തേൺ സി.സി.എഫ്. പ്രത്യേക സംഘത്തെ നിയോഗിച്ചത്. സന്ദർശക ഫീസിനത്തിൽ കിട്ടുന്ന പണം വനസംരക്ഷണ സമിതിയുടെ അക്കൗണ്ടിലും, ഒരു മാസത്തെ ആകെ തുക വനവികസന കോർപ്പറേഷൻ്റെ അക്കൗണ്ടിലേക്കും മാറ്റണമെന്നാണ് ചട്ടം. എന്നാൽ വരുമാനം ബാങ്കിൽ അടയ്ക്കുന്നതിന് മുമ്പ് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായിരുന്നു ജീവനക്കാരുടെ രീതി. റിസോർട്ട് നടത്തിപ്പിനും ഭൂമി കച്ചവടത്തിന് ഉൾപ്പെടെ ഇങ്ങനെ ഫണ്ട് മാറ്റിയിട്ടുണ്ടെന്നാണ് സൂചന. എട്ടുവർഷത്തിനുശേഷം നടത്തിയ ഓഡിറ്റിലാണ് തിരിമറി പുറത്തുവന്നത്. മുൻ സൗത്ത് വയനാട് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാർക്ക് നോട്ടീസ് നൽകി, വെട്ടിച്ച തുക അവരെ കൊണ്ട് സർക്കാരിലേക്ക് തിരിച്ചടപ്പിച്ചു. സർക്കാർ ഫണ്ട് വ്യാപകമായി വെട്ടിച്ച സംഭവമായതിനാൽ കുറ്റക്കാർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് മുന്നോടിയയാണ് സി.സി.എഫ്. നിയോഗിച്ച സംഘത്തിന്റെ അന്വേഷണം. സംഭവത്തിൽ വനം വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.

Wayanad chembra eco tourism fund issue

MORE IN KERALA
SHOW MORE