പുഴയിൽ അറവുമാലിന്യം തള്ളി; മലിനജലം കിണറുകളിലും കുളങ്ങളിലും; പരാതി

തൃശൂര്‍ വാഴാനിപ്പുഴയിലേക്ക് അറവുമാലിന്യം തള്ളി. മലിനജലം സമീപത്തെ കിണറുകളിലും കുളങ്ങളിലും എത്തിയതോടെ ആരോഗ്യ പ്രശ്നങ്ങളും കൂടി.  

സാമൂഹികവിരുദ്ധരാണ് ഇതിനു പിന്നില്‍. വടക്കാഞ്ചേരി കുമ്മായച്ചിറ പരിസരത്താണ് മാലിന്യം തള്ളിയത്. വാഴാനി ഡാമില്‍ നിന്ന് വെള്ളം പുഴയിലേക്ക് തുറന്ന് വിട്ടിരുന്നു. വടക്കാഞ്ചേരി മേഖലയിലെ ജലക്ഷാമം പരിഹരിക്കാനായിരുന്നു ഇത്. കുമ്മായച്ചിറയില്‍ ഒഴുക്കും കൂടിയിരുന്നു. ഇതിനിെടയിലാണ്, അറവുമാലിന്യം തള്ളിയത്. ദുര്‍ഗന്ധം കാരണം ഇതുവഴി പോകാനാകില്ല. മാലിന്യം തള്ളുന്നത് ഇപ്പോള്‍ പതിവാണ്. രാത്രിയിലാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പുഴയിലെ വെള്ളവും മലിനമായി.

മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പ്രദേശത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.