ഭരണങ്ങാനത്ത് കുടിവെള്ള ടാങ്കുകൾക്ക് സമീപം മാലിന്യം തള്ളുന്നു; വ്യാപക പരാതി

മീനച്ചിലാറ്റിലും കൈവഴികളിലും ശുചിമുറി മാലിന്യം തള്ളുന്നതായി വ്യാപക പരാതി. ഭരണങ്ങാനത്ത് 2 കുടിവെള്ള പദ്ധതി ടാങ്കുകള്‍ക്ക് സമീപമാണ് രാത്രിയിൽ മാലിന്യം തള്ളിയത്.പ്രശ്നം രൂക്ഷമായതോടെ വിവിധ പഞ്ചായത്തുകൾ പരാതി നൽകിയിട്ടുണ്ട് 

6 മാസം മുൻപ് ഭരണങ്ങാനം വട്ടോളിക്കടവ് പാലത്തിന് സമീപം ശുചിമുറി മാലിന്യം തള്ളിയ അതേ സ്ഥലത്താണ് ഇത്തവണയും മാലിന്യമൊഴുക്കിയത്. 350-ഓളം വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും വെള്ളം നല്കുന്ന അയ്യങ്കോലിപ്പാറ കുടിവെള്ള പദ്ധതി തൊട്ടുചേര്‍ന്നാണെന്നിരിക്കുന്നതിനാൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. സമാനമായി തലപ്പലം പഞ്ചായത്തിലെ തേരുംപുറത്ത് മേഖലയിലും രാത്രിയിൽ മാലിന്യമൊഴുക്കി. വാഹനത്തിരക്ക് കുറഞ്ഞ പഴയ റോഡിന് വശത്തായാണ് മാലിന്യം തള്ളിയത്. ഇതും തോടുവഴി ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേയ്ക്ക് തന്നെ.  

ആരോഗ്യവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി ശുചീകരണം നടത്തി. സംഭവത്തില്‍ ഇരുപഞ്ചായത്തുകളും പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന സംഘമാണ് മാലിന്യം ആറ്റിലും തോടുകളിലും തള്ളുന്നതെന്നാണ് പരാതി.ആഴ്ചകള്‍ക്ക് മുന്‍പ് തീക്കോയി മേഖലയില്‍ മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.