പൊൻമുടി മൃഗവേട്ട; ഒളിവിലായിരുന്ന പൊലീസുകാർ പിടിയിൽ

പൊൻമുടി മൃഗവേട്ട കേസിൽ മൂന്നു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പൊലീസുകാർ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. പൊൻമുടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അയൂബ്ഖാൻ,  എസ്.രാജീവ്, വിനോദ് എന്നിവരാണ്  കീഴടങ്ങിയത്.ഇവരെ കോടതി 30 വരെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു രാത്രിയിലാണ് നിയമത്തെ വെല്ലുവിളിച്ച് പൊലീസുകാര്‍ മൃഗ വേട്ട നടത്തിയത്.  പൊൻമുടി 21ാം ഹെയർപിൻ വളവിലെ റിസർവ് വനത്തിൽ നിന്ന് പൊലീസ് ജീപ്പിലാണ് മ്ലാവിനെ വേട്ടയാടി കടത്തി ഇറച്ചിയാക്കിയത് . ഇതുമായി ബന്ധപ്പെട്ടു പോസ്റ്റ് ഓഫിസിലെ ജീവനക്കാരൻ മനു, സഹായികളായ   സജീർ, സമീർ, നിഷാദ് എന്നിവർ നേരത്തേ  അറസ്റ്റിലായിരുന്നു.ഒളിവില്‍ പോയ പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍് ചെയ്തിരുന്നു. ഇതിനിടെ പൊലീസുകാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങല്‍.കോടതിയില്‍ കീഴടങ്ങിയ ഇവരെ റിമാന്‍് ചെയ്തു.