ബിസിനസ് പങ്കാളിയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ വാഹന പരിശോധനയ്ക്കിടെ പിടിയിൽ

ബിസിനസ് പങ്കാളിയെ കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപെട്ടയാള്‍ വാഹനപരിശോധനയ്ക്കിടെ പിടിയില്‍. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. ഉടുപ്പി സ്വദേശിയായ സന്ദീപ് ഷെട്ടിയാണ് പിടിയിലായത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് പങ്കാളിെയ കുത്തിപ്പരിക്കേല്‍പിച്ചത്. ചിക്കബല്ലാപുരയില്‍ വാഹനപരിശോധ നടത്തുന്നതിനിടയിലാണ് ഹെല്‍മറ്റ് ധരിക്കാതെ വരുന്ന ബൈക്ക് യാത്രികന്‍ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് കൈകാണിച്ചയുടെനെ ഇയാള്‍ ബൈക്ക് നിര്‍ത്തുകയും പൊലീസുകാരോട് താന്‍ ഒരാളെ കുത്തിപ്പരിക്കേല്‍പിച്ചെന്ന് ഏറ്റുപറയുകയും ചെയ്തു. തുടര്ന്ന് പോക്കറ്റില് നിന്ന് ചോരപുരണ്ട കത്തിയെടുത്ത് പൊലീസിന് നല്കി. 

ആദ്യം അമ്പരന്നെങ്കിലും,  ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ വെളിവായത്. ബിസിനസ് പങ്കാളികളായ സന്ദീപ് ഷെട്ടിയും ദേവരാജുംതമ്മില്‍ പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത്. ദേവരാജിനെ കുത്തിപ്പരിക്കേല്‍പിച്ചശേഷം ബൈക്കില്‍ രക്ഷപെടുന്നതിനിടയിലാണ് സന്ദീപ് ഷെട്ടി പൊലീസിന്റെ വാഹനപരിശോധനയില്‍പ്പെടുന്നത്. തന്നെതേടിയെത്തിയ പൊലീസാണെന്ന് തെറ്റിധരിച്ചാണ് ഇയാള്‍ കുറ്റമേറ്റ് പറഞ്ഞത്. രക്ഷപെടാന്‍ ശ്രമിച്ചതല്ലെന്നും, പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാന്‍ പോവുകയായിരുന്നുവെന്നും പീന്നീട് ഇയാള്‍ മൊഴിനല്‍കി. പരുക്കേറ്റ ദേവരാജ് ചികിത്സയിലാണ്.